ഒത്തുകളി: സഞ്ജീവ് ചൗളയെ ഇന്ത്യക്കു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്

Posted on: January 7, 2019 6:44 pm | Last updated: January 7, 2019 at 6:44 pm

ലണ്ടന്‍: 2000ത്തിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ ഹാന്‍സി ക്രോണ്യ, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ട ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്കു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ചൗളയെ തിരിച്ചയക്കണമെന്ന് 2016ല്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം നിരാകരിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി തന്നെയാണ് ഈ ഉത്തരവിട്ടത്. കോടതി ഉത്തരവു പ്രകാരം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് കൈമാറ്റ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഇന്ത്യ വീണ്ടും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
1996 ശേഷമാണ് ബിസിനസ് വിസയില്‍ ചൗള ബ്രിട്ടനിലേക്കു കടന്നത്. 2000ത്തില്‍ ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. 2005ല്‍ ചൗള ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. 2016ല്‍ ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇന്ത്യന്‍ ജയിലുകളില്‍ സൗകര്യമില്ലാത്തതിനാല്‍ തന്നെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ചൗള പിടിച്ചുനില്‍ക്കുകയായിരുന്നു. 2018 നവംബറില്‍ തിഹാര്‍ ജയില്‍ സുരക്ഷിതമാണെന്നും ചൗളയെ അവിടേക്ക് അയക്കുന്നതു കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചതോടെയാണ് ചൗളയുടെ വാദങ്ങള്‍ പൊളിഞ്ഞത്.