സ്വകാര്യസ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ ഓര്‍ഡിനന്‍സ്; സാമ്പത്തിക സംവരണം സ്വാഗതാര്‍ഹം- മുഖ്യമന്ത്രി

Posted on: January 7, 2019 4:58 pm | Last updated: January 7, 2019 at 9:31 pm

തിരുവനന്തപുരം: ഹര്‍ത്താലിന്റെയും മറ്റും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ നശിപ്പിച്ചവരില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിന് നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയല്‍ ഓര്‍ഡിനന്‍സ് 2019 എന്നായിരിക്കും ഇതിന്റെ പേര്.

ഹര്‍ത്താല്‍, ബന്ദ്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ മറവില്‍ പൊതു മുതല്‍ നശിപ്പിക്കുന്നതിനു സമാനമാണ് സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിതമായ അക്രമങ്ങള്‍ നടത്തുകയാണ്. ഹര്‍ത്താലുകളില്‍ 91.7 ശതമാനം അക്രമങ്ങളും നടത്തിയത് സംഘ്പരിവാര്‍ സംഘടനകളാണ്.

അക്രമികളെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് പിന്നാക്കം പോകാന്‍ ഉദ്ദേശിക്കുന്നില്ല. അതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട. അതിനുള്ള ശേഷി ബി ജെ പിക്കില്ല. അതു മറ്റു സംസ്ഥാനങ്ങളില്‍ നോക്കിയാല്‍ മതി-കേരളത്തില്‍ പിണറായി സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സി പി എം ഇതു നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, നിലവിലുള്ള സംവരണം തകര്‍ക്കാതെയാവണം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ബേങ്ക് രൂപവത്കരിക്കുന്നതിന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ജില്ലാ ബേങ്കുകളെ സംസ്ഥാന സഹകരണ ബേങ്കില്‍ ലയിപ്പിക്കുന്നതിന് രണ്ടില്‍ മൂന്ന് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.