മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണത്തിന് കേന്ദ്ര തീരുമാനം

Posted on: January 7, 2019 3:35 pm | Last updated: January 7, 2019 at 7:41 pm

ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഭരണഘടനാ ഭേദഗതിയിലൂടെ ഇതു നടപ്പാക്കാനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

എട്ടു ലക്ഷം രൂപക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഭ്യമാക്കും. പാര്‍ലിമെന്റ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച ബില്‍ നാളെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചേക്കും. നിലവില്‍ ഒ ബി സി, പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതു തിരുത്തി 60 ശതമാനം സംവരണം കൊണ്ടുവരാനാണ് ശ്രമം. എന്നാല്‍, തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് മുമ്പ് സുപ്രീം കോടതി വിധിച്ചിട്ടുള്ളതിനാല്‍ കേന്ദ്രത്തിന്റെ നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത് കേരളത്തില്‍ എന്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.