കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ബി ജെ പി ആവശ്യം

Posted on: January 7, 2019 1:53 pm | Last updated: January 7, 2019 at 1:53 pm

ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ആവശ്യമുന്നയിച്ച് ബി ജെ പി. സംസ്ഥാനത്ത് സി പി എം നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ബി ജെ പി എം പി. നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

കേരളത്തില്‍ സംഘ്പരിവാര്‍, ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. വീടുകളില്‍ അതിക്രമിച്ചു കയറലും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കലും തുടര്‍ച്ചയായി നടക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണം.
ബി ജെ പി എം പിയുടെ ആവശ്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇടതു എം പിമാര്‍ ഉയര്‍ത്തിയത്. സംസ്ഥാനത്ത് സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടത്തിയ അക്രമങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു വന്ന പത്രങ്ങളുയര്‍ത്തി എം ബി രാജേഷ് അടക്കമുള്ള ഇടത് എം പിമാര്‍ ബഹളം വച്ചു.