പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ആര്‍എസ്എസുകാര്‍: മന്ത്രി ഇപി ജയരാജന്‍

Posted on: January 7, 2019 1:12 pm | Last updated: January 7, 2019 at 4:22 pm

തിരുവനന്തപുരം: പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പോലീസിനെതിരെ മന്ത്രി ഇപി ജയരാജന്‍. ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. സാധാരണഗതിയില്‍ സംഭവിക്കാത്തൊരു കാര്യം എഴുതി ചേര്‍ത്ത് എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ആര്‍എസ്എസുമായി ബന്ധമുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹര്‍ത്താല്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇതിനിടെയാണ് മുസ്്‌ലിം പള്ളിക്ക് നേരെ കല്ലേറുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതില്‍ദാസാണ് കല്ലെറിഞ്ഞതെന്നു കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.