ലോകകപ്പ് നേട്ടത്തെക്കാള്‍ വലിയ വിജയം: കോലി

Posted on: January 7, 2019 12:33 pm | Last updated: January 7, 2019 at 2:52 pm

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്രം രചിച്ചതിന്റെ ആഹ്ലാദം വാക്കുകളില്‍ നിറച്ച് നായകന്‍ വിരാട് കോലി. ‘തന്റെ ഏറ്റവും വലിയ നേട്ടമാണിത്. നിലവിലെ ടീമിന് അത് വ്യത്യസ്തമായ ഒരു സ്വത്വം പ്രദാനം ചെയ്യും.’- പരമ്പരയില്‍ 2-1ന്റെ ജയം കൊയ്ത ശേഷം ട്രോഫി വിതരണ ചടങ്ങില്‍ സംസാരിക്കവെ കോലി പറഞ്ഞു.

2011ല്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതിനെക്കാള്‍ വലിയ നേട്ടമായാണ് പരമ്പര വിജയത്തെ കാണുന്നത്. എട്ടു വര്‍ഷം മുമ്പ് വാംഗഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് നേടിയ ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു താന്‍. അന്ന് ടീമിലെ സീനിയര്‍ താരങ്ങള്‍ പലരും വികാരഭരിതരാകുന്നതു കണ്ടിട്ടുണ്ട്. ഇന്ന് ആ വികാരം ഞാന്‍ അനുഭവിക്കുകയാണ്. അഭിമാനകരമായ നേട്ടമാണിത്. ടീമിനു വലിയൊരു പരിവര്‍ത്തനമാണ് സംഭവിച്ചിട്ടുള്ളത്. ഈ ടീമിലെ കളിക്കാരെ നയിക്കാന്‍ കഴിയുന്നത് ബഹുമതിയും അനുഗ്രഹവുമാണ്. തീര്‍ച്ചയായും ഈ നിമിഷം സന്തോഷിക്കാനുള്ളതാണ്.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവരെ പ്രത്യേകം പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഏതു സാഹചര്യത്തെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള താരമാണ് പൂജാര. യുവതാരം മായങ്ക് അഗര്‍വാളാണ് എടുത്തു പറയേണ്ട മറ്റൊരു താരമാണ്. ബോക്‌സിംഗ് ഡേയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു ടീമിനെതിരെ ഇത്രയും നന്നായി കളിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. റിഷഭ് പന്തും ആക്രമണാത്മകമായ പ്രകടനം കാഴ്ചവച്ചു. ബൗളിംഗില്‍ ജസ്പ്രീത് ബുംറയും തിളങ്ങി- കോലി പറഞ്ഞു.