Connect with us

Kerala

ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നം; നടപടിയെടുത്തേ തീരു: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി നിരീക്ഷണം. ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തുവെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു വര്‍ഷം കേരളത്തിന്റെ പലയിടങ്ങളിലായി 97 ഹര്‍ത്താലുകള്‍ നടന്നുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഹൈക്കോടതിയും സുപ്രീം കോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചെങ്കിലും കാര്യമായ പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തുവെന്ന് വിശദീകരിക്കണം. വ്യാപാരികള്‍ ഉള്‍പ്പെടെ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഹര്‍ത്താല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ത്താലിനെതിരെ നടപടി എടുത്തേ തീരു. ഹര്‍ത്താല്‍ ഇന്നൊരു തമാശയായിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഉച്ചക്ക് 1.45ന് മുമ്പ് നിലപാട് അറിയിക്കണം. കടകള്‍ക്ക് സംരക്ഷണം നല്‍കുന്നത് അടക്കമുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകളവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

Latest