Connect with us

Kerala

ഹര്‍ത്താല്‍ അക്രമം: സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതിനെതിരെ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധ സമരപരിപാടികള്‍ക്കിടെ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യ സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേക്കും.

വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്കെതിരായ അക്രമം തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഓര്‍ഡിനന്‍സ്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷംവരെ തടവ്ശിക്ഷയടക്കമുള്ള കര്‍ശന നടപടികള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതിനാല്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഭരണഘടനാപരമായ തടസമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് നടക്കുന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണനക്കെടുക്കുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

Latest