വനിതാ മതിലില്‍ അണിചേര്‍ന്നതിന് വിശദീകരണം തേടി ; എന്‍എസ്എസ് വനിതാ അംഗങ്ങള്‍ രാജി സമര്‍പ്പിച്ചു

Posted on: January 7, 2019 12:04 am | Last updated: January 7, 2019 at 12:04 am

തൃശൂര്‍: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ച് അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുത്തതിനെതിരെ എന്‍എസ്എസ് യൂണിയനില്‍ പൊട്ടിത്തെറി. തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനിലാണ് രാജിയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. വിലക്ക് ലംഘിച്ച മതിലില്‍ അണിനിരന്ന വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമതി അധ്യക്ഷയും കൗണ്‍സിലറും എന്‍എസ്എസിലെ പദവികള്‍ രാജിവെച്ചു.

വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘകാലം സേവനം ചെയ്ത ടിഎന്‍ ലളിത, മെംബര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. ആചാര സംരക്ഷണത്തിനായി നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന ഇരുവരും വനിതാ മതിലിലും അണിചേര്‍ന്നിരുന്നു. എന്‍എസ്എസ് വിലക്ക് ലംഘിച്ചാണ് ഇവര്‍ വനിതാ മതിലില്‍ പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് ഇരുവരോടും എന്‍എസ്എസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണത്തിനൊപ്പം ഇവര്‍ രാജിക്കത്തും നല്‍കുകയായിരുന്നു. നേതാക്കളുടെ രാജിയോടെ മറ്റനേകം പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്.