Connect with us

Editorial

അതിശൈത്യത്തില്‍ വിറങ്ങലിച്ചു കേരളം

Published

|

Last Updated

ഉത്തരേന്ത്യയോടൊപ്പം കേരളവും തണുത്തു വിറക്കുകയാണ് ഈ ജനുവരി തുടങ്ങിയതു മുതല്‍. ഉത്തരേന്ത്യയില്‍ തണുപ്പ് ഭീതിജനകമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അതിശൈത്യം മൂലം ഡിസംബറില്‍ അവിടെ നൂറിലേറെ പേര്‍ മരിക്കുകയുണ്ടായി. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 80 പേര്‍. ഉത്തര്‍ പ്രദേശിലെ ആഗ്ര, വാരാണസി, കാണ്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും കശ്മീരിലും സാധാരണയിലും താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. കശ്മീര്‍ താഴ്‌വരയിലെയും ലഡാക്ക് മേഖലയിലെയും തടാകങ്ങള്‍ തണുത്തുറഞ്ഞിരിക്കയാണ്. ഡല്‍ഹിയില്‍ 02.6 സെല്‍ഷ്യസ് ഡിഗ്രി വരെയും രണ്ട് ഡിഗ്രി വരെയും താഴുകയുണ്ടായി. 2014നു ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബര്‍ താപനിലയായിരുന്നു ഇത്. കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ ഗതാഗതവും താറുമാറാക്കി. വിമാനങ്ങളും ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. റണ്‍വേയിലെ ദൂരക്കാഴ്ചപരിധി 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ പല വിമാനങ്ങള്‍ക്കും ഇറങ്ങാനും കഴിഞ്ഞില്ല.
ഉത്തരേന്ത്യയില്‍ കഠിന തണുപ്പും മൂടല്‍മഞ്ഞും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശില്‍ മാത്രം അതിശൈത്യമേറ്റ് 143 പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ശൈത്യത്തിന്റെ തീവ്രത ദക്ഷിണേന്ത്യയിലും വ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലും കേരളത്തിലും ഇപ്പോള്‍ അതിശൈത്യമാണ്. 2009 ലേതിനേക്കാള്‍ ശക്തമായ തണുപ്പാണ് ബെംഗളുരു അനുഭവിച്ചു വരുന്നത്. 2009ല്‍ അവിടെ 12.09 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. ഇപ്പോള്‍ വടക്കന്‍ ബെംഗളുരുവില്‍ ഒന്‍പത് ഡിഗ്രി സെല്‍ഷ്യസും തെക്കന്‍ ബെംഗളുരുവില്‍ 12 ഡിഗ്രിയുമാണ് താപനില. പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. പുകമഞ്ഞ് കാരണം ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും തടസ്സം നേരിടുന്നു. മൈസൂരു, കുടക്, ശിവമൊഗ തുടങ്ങി മറ്റു പ്രമുഖ കര്‍ണാടക നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശൈത്യം അനുഭവപ്പെടാറുണ്ടെങ്കിലും മൂന്നാര്‍, വയനാട് മേഖലയില്‍ മാത്രമേ സധാരണ അതിശൈത്യം അനുഭവപ്പെടാറുള്ളൂ. എന്നാല്‍, പതിവിനു വിപരീതമായി ഇത്തവണ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മരം കോച്ചുന്ന തണുപ്പാണ്. ഡിസംബര്‍ അവസാന വാരം വരെ മഴ പെയ്തതിനാല്‍ ജനുവരിയോടെയാണ് ശൈത്യം ആരംഭിച്ചത്. രാത്രി കമ്പിളി വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. പ്രായം കൂടിയവര്‍ക്ക് പ്രത്യേകിച്ചും. ജലദോഷം, കഫക്കട്ട്, സന്ധിവേദന തുടങ്ങി വിവിധ രോഗങ്ങളും ശൈത്യത്തോടൊപ്പം പരക്കുന്നുണ്ട്.

സംസ്ഥാനത്ത് സമതല പ്രദേശങ്ങളില്‍ ഏറ്റവും കുറവ് താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്. പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ഇത് മൈനസ് രണ്ടായി താഴ്ന്നു. മൂന്നാറില്‍ പലയിടത്തും മഞ്ഞുവീഴ്ചയുമുണ്ട്. വയനാടും അതി ശൈത്യത്തിന്റെ പിടിയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. ചിലയിടത്ത് മൈനസ് താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലക്ക് ഈ കാലാവസ്ഥ അനുഗ്രഹമാണ്. കുളിര് ആസ്വദിക്കാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്് ഇപ്പോള്‍ മൂന്നാറില്‍.

രാജ്യത്ത് മൊത്തം അനുഭവപ്പെടുന്ന തണുപ്പിന്റ ഭാഗം മാത്രമാണ് കേരളത്തിലെ അസാധാരണ ശൈത്യമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭിപ്രായം. ഇറാനില്‍ നിന്നും അഫ്ഗാനില്‍ നിന്നും വീശുന്ന ശീതക്കാറ്റാണ് രാജ്യത്തെ അതിശൈത്യത്തിന് കാരണമെന്നും ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്ക് കടന്നതാണ് രാജ്യവ്യാപകമായി തണുപ്പ് കൂടാന്‍ ഇടയാക്കിയതെന്നുംഅവര്‍ വ്യക്തമാക്കുന്നു. വടക്കേ ഇന്ത്യയിലെ ശൈത്യക്കാറ്റ് തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തുന്നതാണത്രെ കേരളത്തിലെ തണുപ്പിന് കാരണം. ഡിസംബര്‍ അവസാനത്തില്‍ ഇന്ത്യോനേഷ്യയിലുണ്ടായ അഗ്നി സ്‌ഫോടനമാണ് കാലാവസ്ഥയിലെ ഈ അസാധാരണ മാറ്റത്തിന് കാരണമെന്നും ശക്തമായ സ്‌ഫോടനത്തില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നത് സൂര്യപ്രകാശത്തിന്റെ ഗമനത്തിന് തടസ്സമായതാണ് താപ നില താഴാന്‍ കാരണമെന്നും അഭിപ്രായമുണ്ട്. ചൂട് തിരിച്ചു ആകര്‍ഷിക്കപ്പെടുമ്പോള്‍ ഭൗമകിരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യും. മേഘമില്ലാത്ത ആകാശവും ഇളംകാറ്റും സാമാന്യം ഈര്‍പ്പവും കൂടിയാകുന്നതോടെ തണുപ്പിന് ശക്തിയേറും. മഹാപ്രളയം, കഠിന വേനല്‍, ഇപ്പോള്‍ അതിശൈത്യം എന്നിങ്ങനെ സംസ്ഥാനത്തെ കാലാവസ്ഥയില്‍ കണ്ടു വരുന്ന വ്യതിയാനങ്ങളില്‍ ആശങ്കാകുലരാണ് ജനങ്ങള്‍. കൊടിയ വരള്‍ച്ചയുടെ മുന്നോടിയാണ് അതിശൈത്യമെന്ന പ്രചാരണവുമുണ്ട്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും അടുത്ത നാല് ദിവസത്തോടെ തണുപ്പ് കുറയാനാണ് സാധ്യതയെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ ആശ്വസിപ്പിക്കുന്നത്.