എയര്‍ ഇന്ത്യയുടെ ഏകീകൃത നിരക്ക് കൊള്ളയെന്ന്‌

Posted on: January 6, 2019 7:28 pm | Last updated: January 6, 2019 at 7:28 pm

ദുബൈ: ഗള്‍ഫില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയുടെ ഏകീകൃത നിരക്ക് പുലിവാലായെന്നു സാമൂഹിക പ്രവര്‍ത്തകര്‍. അതിനിടെ ഏകീകൃത നിരക്ക് കുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഏകീകൃത നിരക്കെന്ന തീരുമാനം പ്രത്യക്ഷത്തില്‍ പ്രവാസികള്‍ക്ക് സഹായകമാണെന്ന് തോന്നുമെങ്കിലും ആത്യന്തികമായി അത് പ്രവാസികളെ മറ്റൊരു തരത്തില്‍ കൊള്ള ചെയ്യലാണെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മൃതദേഹം മറ്റു പല രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ ചെയ്യുന്ന പോലെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നിയമമുണ്ടാക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ പ്രവാസികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണ് ചെയ്യുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകരായ നന്തി നാസര്‍, റിയാസ് കൂത്തുപറമ്പ എന്നിവര്‍ ചൂണ്ടിക്കാട്ടി.
പൊതുവില്‍ ശരാശരി നൂറ് കിലോ തൂക്കം ആണ് (65 കിലോ മൃതശരീരവും, 35 കിലോ പെട്ടിയും) മൃതദേഹങ്ങള്‍ക്ക് ഉണ്ടാവുക. ഇപ്പോഴത്തെ സ്ഥിതി പ്രകാരം മൃതശരീരം തൂക്കി നോക്കുന്നില്ല എന്ന് മാത്രം. ഈ 1500 ദിര്‍ഹമിന്റെ കൂടെ ഫ്യൂവല്‍ ആന്‍ഡ് സെക്യൂരിറ്റി നിരക്കായി 226 ദിര്‍ഹം, ഡനാറ്റ ഹാന്‍ഡ്‌ലിങ്, ഡോക്യൂമെന്റഷന്‍ ലേബല്‍ ചാര്‍ജ് എന്ന പേരില്‍ 298 ദിര്‍ഹം, എയര്‍വേ ബില്‍ നിരക്കായി 200 ദിര്‍ഹം (മൊത്തം 724 ദിര്‍ഹം) എന്നിവകൂടി നേരത്തെ പറഞ്ഞ 1500 ദിര്‍ഹംസിനൊപ്പം അടക്കേണ്ടിവരും. അങ്ങനെ എല്ലാ വ്യവസ്ഥകളും പാലിച്ചു ഒരു മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ 2224 (45000 രൂപ) ദിര്‍ഹം ചിലവാകും.

ഇവിടെയാണ് എയര്‍ ഇന്ത്യയുടെ വഞ്ചന. മറ്റുള്ള എയര്‍ലൈന്‍ കമ്പനികള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് നേരത്തെ തന്നെ മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ ഈ ചിറ്റമ്മ നയത്തിനെതിരെ ഓരോരുത്തരും പ്രതികരിക്കണം, നമ്മുടെ പ്രതിഷേധം അധികാരികളില്‍, ഭരണാധികാരികളില്‍ എത്തുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുകതന്നെ വേണമെന്നു റിയാസ് കൂത്തുപറമ്പ് പറഞ്ഞു.
തൂക്കിനോക്കി വാങ്ങിയിരുന്ന നിരക്ക് പോലും കഴിഞ്ഞ സെപ്തംബറില്‍ എയര്‍ ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. ഒപ്പം എംബസി ആവശ്യപ്പെട്ടാല്‍ പോലും ആരുടെയും മൃതദേഹം സൗജന്യമായി കൊണ്ടുപോകാനാവില്ലെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ പ്രവാസികള്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തിയതോടെ ഈ രണ്ട് തീരുമാനങ്ങളും എയര്‍ ഇന്ത്യക്ക് പിന്‍വലിക്കേണ്ടി വന്നു. കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കിലോക്ക് 30 ദിര്‍ഹവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹവും പ്രഖ്യാപിച്ച് മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിക്കുന്നതായിരുന്നു എയര്‍ ഇന്ത്യ അന്ന് പ്രഖ്യാപിച്ച നിരക്ക് വര്‍ധന.

ബംഗ്ലാദേശും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി സ്വന്തം നാട്ടിലെത്തിക്കുമ്പോഴായിരുന്നു എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള. ഇപ്പോള്‍ പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം ഭാഗികമായെങ്കിലും അംഗീകരിക്കപ്പെടുകയാണ്. യുഎഇയില്‍ നിന്ന് 12 വയസിന് താഴെയുള്ളവരുടെ മൃതദേഹം കൊണ്ടുവരാന്‍ ഇനി 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹം അടക്കണം. കാര്‍ഗോ ഏജന്‍സികളെ എയര്‍ ഇന്ത്യ പുതിയ നിരക്കുകള്‍ അറിയിച്ചു.

യു എ ഇക്ക് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കെല്ലാം എയര്‍ഇന്ത്യ ഏകീകൃത നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാന്‍ 160 റിയാല്‍, കുവൈത്ത് 175 ദിനാര്‍, സഊദി 2200 റിയാല്‍, ബഹ്‌റൈന്‍ 225 ദിനാര്‍, ഖത്വര്‍ 2200 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. ഇന്നലെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.