കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ എസ് എസില്‍ ചേരുന്നതിനുള്ള വിലക്ക് ഒഴിവാക്കിയേക്കും

Posted on: January 6, 2019 7:23 pm | Last updated: January 6, 2019 at 8:53 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ഇതിനായുള്ള നടപടികള്‍ കേന്ദ്ര ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബി എം എസ്) ഭാഗമായ ഗവ. എംപ്ലോയീസ് ഫെഡറേഷന്‍ 2014ല്‍ പ്രധാന മന്ത്രിക്കു നല്‍കിയ നിവേദനം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളില്‍ അംഗത്വമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും വിലക്കിക്കൊണ്ട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുറത്തിറക്കിയിരുന്നത്. 1964ലെ സര്‍വീസ് ചട്ടം ബിയില്‍ വ്യവസ്ഥ ചെയ്ത പ്രകാരമായിരുന്നു ഇത്. ഇതില്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കരുതെന്ന ഭാഗം ഒഴിവാക്കാനാണ് ശ്രമം.

നിവേദനത്തില്‍ അനുകൂല നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രി കത്ത് ഉദ്യോഗസ്ഥ മന്ത്രാലയത്തിനു കൈമാറിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. കത്തു നല്‍കി നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ ബി എം എസ് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മാനസിക-ശാരീരിക ശാക്തീകരണം ലഭിക്കുമെന്ന് നിവേദനത്തില്‍ പറഞ്ഞിരുന്നു.