Connect with us

Gulf

ഗുഹയില്‍ അതിജീവന ഗാഥ രചിച്ച കുട്ടികള്‍ ഏഷ്യാ കപ്പിനെ ധന്യമാക്കും

Published

|

Last Updated

ദുബൈ: ഇന്ന് ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ നേരിടുമ്പോള്‍ തായ്‌ലാന്‍ഡിന് ആവേശം പകരാന്‍ അതിജീവനത്തിന്റെ അത്ഭുതം കാണിച്ച ആ കുട്ടികളുമുണ്ടാകും. വെള്ളം നിറഞ്ഞ ഗുഹയില്‍ ദിവസങ്ങളോളം അകപ്പെട്ട ശേഷം രക്ഷപ്പെട്ട തായ്ലന്‍ഡിലെ കുട്ടികളാണ് വി ഐ പി പരിഗണനയോടെ ഗ്യാലറിയില്‍ ഉണ്ടാവുക. വൈല്‍ഡ് ബോര്‍സ് ക്ലബ്ബിലെ മൂന്ന് കുട്ടികള്‍ പരിശീലകനോടൊപ്പമാണ് യു എ ഇ യില്‍ എത്തിയിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇവരെ ക്ഷണിച്ചുവരുത്തിയതാണ്.

കളി ആരംഭിക്കുന്നതിന് മുമ്പ് ഇവര്‍ സ്റ്റേഡിയത്തെ അഭിവാദ്യം ചെയ്യും. ജീവന് വെല്ലുവിളി ഉയര്‍ത്തിയ ദിവസങ്ങളെ സധൈര്യം നേരിട്ട 12 കുട്ടികളുടെ കൂട്ടത്തില്‍പെട്ടവരെ ലോകമെങ്ങുമുള്ള ആളുകള്‍ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്ന് എ എഫ് സി അധ്യക്ഷന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു. 18 ദിവസമാണ് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്. ഐക്യവും പ്രതീക്ഷയും ഇവരെ രക്ഷപ്പെടുത്തി. ഇവരുടെ ക്ലബ്ബിന് എല്ലാ സാങ്കേതിക സഹായവും എ എഫ് സി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Latest