Connect with us

Gulf

ദുബൈയുടെ വികസനോന്മുഖതക്ക് ശൈഖ് മുഹമ്മദിന്റെ എട്ട് തത്വങ്ങള്‍

Published

|

Last Updated

ദുബൈ: ദുബൈ ഭരണകൂടത്തിന് അടുത്ത രണ്ട് നൂറ്റാണ്ടിലേക്ക് എട്ട് ഭരണ തത്വങ്ങള്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ജനങ്ങളുടെ സുഖകരമായ ജീവിതം, രാജ്യത്തിന്റെ സുസ്ഥിര വികസനം, പുതു തലമുറയുടെ ഉന്നതമായ ഭാവി എന്നിവ ലക്ഷ്യമാക്കിയാണ് ഭരണ തത്വങ്ങള്‍ പാകപ്പെടുത്തിയെടുത്തതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിയിലെ ഭരണ നേതൃത്വങ്ങള്‍ ഈ തത്വങ്ങളില്‍ അധിഷ്ഠിതമായി നയരൂപീകരണം ഒരുക്കണമെന്നും ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. വര്‍ഷങ്ങളായുള്ള ദുബൈ എമിറേറ്റിന്റെ ഭരണ പരിജ്ഞാനത്തില്‍ നിന്നാണ് എട്ട് തത്വങ്ങളെ രൂപപ്പെടുത്തിയെടുത്തത്. ദുബൈ എമിറേറ്റിന്റെ ഭരണ നിര്‍വഹണ രംഗത്തുള്ളവര്‍ ഈ തത്വങ്ങള്‍ പിന്‍പറ്റണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എട്ട് തത്വങ്ങള്‍ ശൈഖ് മുഹമ്മദിന്റെ ഔദ്യോഗിക വെബ് സൈറ്റായ  www. mbrmajlis.ae എന്നതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന തത്വമായി ഒന്നാമത് വിവരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയാണ്. യു എ ഇ എന്ന രാജ്യത്തിന്റെ പ്രധാന നെടുംതൂണാണ് ദുബൈ. ഫെഡറേഷനെ ശാക്തീകരിക്കുന്നതില്‍ ദുബൈ കാതലായ പങ്കു വഹിക്കുന്നുണ്ട്. കേന്ദ്ര ഗവണ്മെന്റ് തീരുമാനങ്ങള്‍ ദുബൈ ഭരണകൂടത്തിന് മാതൃക കാട്ടണമെന്ന് ശൈഖ് മുഹമ്മദ് ഈ തത്വം വിവരിക്കുന്നിടത്ത് അടിവരയിടുന്നു.
ഒരു പൗരനും നിയമത്തിനതീതരല്ല എന്നതാണ് രണ്ടാമത്തെ തത്വം. ഭരണ നിര്‍വഹണ കുടുംബത്തില്‍ നിന്നുള്ളവരും എമിറേറ്റിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു. സ്വദേശിയെന്നോ വിദേശിയെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കുകയും ഒരു പൗരനും താമസക്കാരനും നിയമത്തിനതീതമല്ലെന്ന് ഈ തത്വത്തില്‍ വ്യക്തമാക്കുന്നു.

മൂന്നാമതായി ചൂണ്ടിക്കാട്ടുന്നത് ദുബൈ നഗരം വ്യാപാര സൗഹൃദമാണ്. സാമ്പത്തിക രംഗത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തികളിലൂന്നി ഭരണ നയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ദുബൈയുടെ കാതലായ സ്വഭാവത്തെ പരിഗണിക്കണമെന്ന് ഈ തത്വത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

വിവിധ ഘടകങ്ങള്‍ സമന്വയിപ്പിച്ച് ദുബൈയുടെ വികസനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്നതിനുള്ള ആശയ രൂപീകരണമാണ് നാലാമതായുള്ള തത്വത്തില്‍ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നത്. വ്യത്യസ്തങ്ങളായ സാമൂഹിക സാംസ്‌കാരിക മത രാഷ്ട്രീയ പാശ്ചാതലം യു എ ഇയില്‍ രൂപപ്പെട്ടിട്ടും മികച്ച രീതിയില്‍ അവ ഏകീകരണ സ്വഭാവം പൂണ്ട് ദുബൈ നഗരത്തിന് ഒരൊറ്റ മുഖമാണെന്ന സന്ദേശം ഉയര്‍ത്തി പ്പിടിക്കുന്നതാകണം നയരൂപീകരണമെന്ന് നാലാമത്തെ തത്വത്തില്‍ പറയുന്നു. സാമ്പത്തിക വ്യതിരിക്തത, ക്രിയാത്മകതയുടെ ഭൂമിക, പുതു തലമുറയുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുക എന്നീ തത്വങ്ങളെയും ശൈഖ് മുഹമ്മദ് പരിചയപ്പെടുത്തുന്നുണ്ട്.

Latest