അഫ്ഗാനിലെ സ്വര്‍ണ ഖനിയില്‍ മണ്ണിടിഞ്ഞ് 30 പേര്‍ മരിച്ചു

Posted on: January 6, 2019 5:14 pm | Last updated: January 6, 2019 at 7:51 pm

കുന്‍ഡൂസ്: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്വര്‍ണ ഖനി ദുരന്തത്തില്‍ 30 പേര്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബദക്ഷാന്‍ പ്രവിശ്യയില്‍ കൊഹിസ്ഥാനിലെ ഖനിയിലാണ് അപകടമുണ്ടായത്. ഗ്രാമീണരായ സംഘം നദീതടത്തിലൂടെ ഖനിയിലേക്ക് 200 അടി ആഴത്തില്‍ കുഴിച്ചു കഴിഞ്ഞപ്പോള്‍ വശങ്ങളില്‍ നിന്ന് മണ്ണിടിയുകായിരുന്നുവെന്ന് ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് റുസ്തം രാഗി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

മണ്ണിടിയാനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും തൊഴിലാളികള്‍ വിദഗ്ധരായിരുന്നില്ലെന്ന് ഗവര്‍ണറുടെ വക്താവ് നിക് മുഹമ്മദ് നസരി പറഞ്ഞു. ഇവിടുത്തെ ഗ്രാമീണര്‍ പതിറ്റാണ്ടുകളായി സ്വര്‍ണം കുഴിച്ചെടുക്കുന്ന ജോലിയില്‍ വ്യാപൃതരാണെന്നും ഇവരുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണമില്ലെന്നും നസരി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അതിനു മുമ്പു തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.