Connect with us

National

സുരക്ഷാ പരിശോധന: പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി:  റെയില്‍വേ സ്റ്റേഷനില്‍
വിമാനവിമാനത്താവളം മാതൃകയില്‍ സംവിധാനമേര്‍പ്പെടുത്താന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രക്ക് ബുക്ക് ചെയ്തവര്‍ ട്രെയിന്‍ എത്തുന്നതിനു 15-20 മിനുട്ട് മുമ്പെങ്കിലും സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കണമെന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തുന്നത്. ഇതു താമസിയാതെ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധനകളാണ് ഉണ്ടാവുക. പുതിയ സജ്ജീകരണങ്ങള്‍ക്ക് 385.06 കോടി രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.

കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മറ്റ് 203ഓളം സ്‌റ്റേഷനുകളിലും ഇതു കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ സുരക്ഷാ സേനയെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
സുരക്ഷക്കായി മറ്റു ചില ക്രമീകരണങ്ങളും റെയില്‍വേ സ്റ്റേഷനില്‍ നടപ്പിലാക്കും. സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടങ്ങള്‍ പ്രത്യേകം നിശ്ചയിക്കുകയും ഗേറ്റും മതിലും മറ്റും സ്ഥാപിക്കുകയും ചെയ്യും. പ്രവേശന കവാടങ്ങളില്‍ വച്ചാണ് സുരക്ഷാ പരിശോധന നടക്കുക.

15-20 മിനുട്ട് മുമ്പ് സ്റ്റേഷനിലെത്തണമെന്ന നിബന്ധന മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും യാത്രക്കാരെ പ്രയാസപ്പെടുത്താത്ത രീതിയിലായിരിക്കും പരിശോധനകള്‍ നിര്‍വഹിക്കുകയെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ്) ഡയരക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. 2016ല്‍ തയാറാക്കിയ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്.

സി സി ടി വി കാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജ് പരിശോധനാ സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂനിറ്റ് തുടങ്ങിയവ പരിശോധനക്ക് ഉപയോഗപ്പെടുത്തും.