പാര്‍ട്ടി അധ്യക്ഷന്റെ പ്രസ്താവനയില്‍ ഞെട്ടി ബിജെപി; “ബംഗാളില്‍ നിന്നൊരു പ്രധാനമന്ത്രിയുണ്ടായാല്‍ അത് മമതയായിരിക്കും”

Posted on: January 6, 2019 3:32 pm | Last updated: January 6, 2019 at 7:02 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ബംഗാളില്‍നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെങ്കില്‍, അത് മമതാ ബാനര്‍ജിയായിരിക്കുമെന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി കണക്കാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട് ഇത്തവണ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലില്‍ നീങ്ങുന്ന ബിജെപിക്ക് ഘോഷിന്റെ പ്രസ്താവന വലിയ ക്ഷീണമായി. മമതാ ബാനര്‍ജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഘോഷിന്റെ പരാമര്‍ശം.

മമതയുടെ ആരോഗ്യത്തിനും ജീവിത വിജയങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ബംഗാളിന്റെ വിധി മമതയുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ദിലീപ് ഘോഷ് പറഞ്ഞു. മമതയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായതിനാല്‍ അവര്‍ ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മമതക്ക് ശേഷമായിരിക്കും ബംഗാളിന് ഒരു പ്രധാനമന്ത്രിയെ ലഭിക്കുക. ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരന്‍. പക്ഷേ സി പി എം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. പ്രണാബ് മുഖര്‍ജി ബംഗാളില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായി. ഇപ്പോള്‍ ബംഗാളിയായ ഒരാള്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം ആണെന്നും ഘോഷ് പറഞ്ഞു.