ഹര്‍ത്താല്‍ അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 5397 ആയി

Posted on: January 6, 2019 2:57 pm | Last updated: January 6, 2019 at 6:36 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ 1772 കേസുകളിലായി 5397 പ്രതികള്‍ അറസ്റ്റില്‍. ഇതില്‍ 4666 പേര്‍ സ്‌റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും.

ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പോലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.