Connect with us

National

സര്‍ജിക്കല്‍ സ്‌ട്രൈക്കിനൊരുങ്ങി കോണ്‍ഗ്രസ്; മോദിയുടെ മണ്ഡലമായ വാരണാസി പിടിക്കാന്‍ ശ്രമം തുടങ്ങി

Published

|

Last Updated

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തുടരുന്ന ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലേക്ക് കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതേ അടവ് തന്നെ ബി ജെ പിയും കൈക്കൊണ്ടതോടെ ഉത്തര്‍ പ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിലും പ്രചാരണം തീപ്പാറും.
വാരാണസിയില്‍ അടുത്ത മാസം കിസാന്‍ യാത്ര സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. റാലിയില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. 2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് രാഹുല്‍ ഗാന്ധി അവസാനമായി വാരാണസി സന്ദര്‍ശിച്ചത്.
ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി വാരാണസി സന്ദര്‍ശിക്കുന്നുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കിസാന്‍ യാത്രയില്‍ അദ്ദേഹം പങ്കെടുത്തേക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വരാണസി എം പിയുമായ രാജേഷ് മിശ്ര പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ബി ജെ പിയും രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തുന്നത്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നരേന്ദ്ര മോദി ഡിസംബറില്‍ ഒന്നാം വട്ട സന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നേരത്തെ റായ്ബറേലി സന്ദര്‍ശിച്ച ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, കുടുംബ വാഴ്ച അവസാനിപ്പിക്കുമെന്ന് പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ എം പി ഫണ്ടില്‍ ഒരു ഭാഗം റായ്ബറേലിയുടെ വികസനത്തിന് വിനിയോഗിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനവും ഇതേ ലക്ഷ്യം വെച്ചുള്ളതാണ്.

അതേസമയം, 2014ല്‍ അമേഠിയില്‍ രാഹുലിനോട് ഏറ്റുമുട്ടി തോറ്റ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മണ്ഡലം ഇപ്പോഴും മറന്നിട്ടില്ല. തരം കിട്ടുമ്പോഴെല്ലാം മണ്ഡലത്തിന്റെ “വികസനമില്ലായ്മ”ക്ക് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്ന് അവര്‍ കുറ്റപ്പെടുത്താറുണ്ട്. അമേഠിയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനും സ്മൃതി ഇറാനി തയ്യാറായിരുന്നു. മണ്ഡലം ബി ജെ പി ലക്ഷ്യം വെച്ചതോടെ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ കര്‍ണാടകയിലെ ബിദാറില്‍ കൂടി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ബി ജെ പിയുടെ കേന്ദ്ര ബിന്ദുവായ നരേന്ദ്ര മോദിയെ നിരന്തരം ആക്രമിക്കുന്നതോടൊപ്പം കര്‍ഷക വിഷയം സജീവമായി നിലനിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം കൊഴുക്കുന്നത്. കിസാന്‍ യാത്രകള്‍ ഇതിന്റെ ഭാഗമാണ്. കിസാന്‍ യാത്രയുമായി ബന്ധപ്പെട്ട് വിവധ കര്‍ഷക സംഘടനകളുമായി ആശയവിനിമയം നടത്തി വരികയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. കിസാന്‍ യാത്രകളോടൊപ്പം അണികളെ സക്രിയമാക്കുന്നതിന് ബൂത്ത് തല യോഗങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest