മുത്വലാഖ് ബില്‍ വിമര്‍ശം തണുപ്പിക്കാന്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് ലീഗ്

Posted on: January 6, 2019 10:23 am | Last updated: January 6, 2019 at 10:23 am

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട്ട് വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നു. മുത്വലാഖ് വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള രൂക്ഷമായ വിമര്‍ശങ്ങള്‍ക്കിടയിലാണ് ഇന്നലത്തെ യോഗം. വിവിധ മുസ്‌ലിം സംഘടനകളും നേതാക്കളും ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നിലപാടിനെയും ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഈ സംഘടനകള്‍ക്കിടയിലുള്ള നീരസം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പെട്ടെന്ന് തന്നെ മറ്റൊരു വിഷയത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത്.

കാലഹരണപ്പെട്ട വിഷയത്തില്‍ ഇപ്പോഴാണോ വിവിധ സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി രംഗത്ത് വരുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഇ ടി മുഹമ്മദ് ബശീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് , ബഹാഉദ്ദീന്‍ നദ്‌വി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി , കെ സജ്ജാദ്, വി പി അബ്ദുര്‍റഹിമാന്‍, സി ടി സക്കീര്‍, ഹുസൈന്‍, ടി കെ അബ്ദുല്‍കരീം, എന്‍ജിനീയര്‍ പി മമ്മദ് കോയ, കെ കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവരാണ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

കെ എ എസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും സര്‍ക്കാര്‍ ഇത് തിരുത്തണമെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വീസില്‍ ചെറിയ പ്രാതിനിധ്യമെങ്കിലും ഉള്ളത്. സംവരണത്തോതിന് അനുസരിച്ച് പോലും സര്‍വീസില്‍ നിയമനം നടന്നില്ലെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ വ്യക്തമാക്കപ്പെട്ടതാണ്. 26 വര്‍ഷത്തെ ആലോചനകള്‍ക്ക് ശേഷം കെ എ എസ് രൂപവത്കരിക്കുമ്പോള്‍ സംവരണം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. സംവരണ നിഷേധം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനമെടുത്തു.