Connect with us

Kerala

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ജനപ്രിയ പദ്ധതികള്‍ വരും, സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷവും സംസ്ഥാന ബജറ്റ് നേരത്തെ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനായിരിക്കും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുക. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കാനാണ് ധാരണ. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും. തുടര്‍ന്ന് മൂന്ന് ദിവസം നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിച്ച ശേഷം സഭ പിരിയും. തുടര്‍ന്ന് സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനായി ഫെബ്രുവരി 22മുതല്‍ വീണ്ടും സഭ ചേര്‍ന്നേക്കും. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്ന പതിവ് രീതി മാറ്റി സാമ്പത്തിക വര്‍ഷം തുടങ്ങും മുമ്പ് തന്നെ സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പ് തന്നെ സമ്പൂര്‍ണ ബജറ്റ് പാസാക്കിയിരുന്നു.

ഏപ്രില്‍ അല്ലെങ്കില്‍ മെയ് ആദ്യവാരം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ചിന് ശേഷം സഭ ചേരുന്നത് പ്രായോഗികമല്ല. ഏപ്രില്‍ മുതല്‍ തിരഞ്ഞെടുപ്പ് തിരക്കിലാകുന്നതുകൂടി കണക്കിലെടുത്താണ് ഇത്തവണ ബജറ്റ് നേരത്തെയാക്കുന്നത്. ജി എസ് ടി വന്നതോടെ നികുതി നിര്‍ദേശങ്ങളൊന്നും ബജറ്റിലുണ്ടാകുന്ന പതിവ് കഴിഞ്ഞ തവണ മുതലില്ല.

തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികളേറെയുള്ള ബജറ്റാകും ഐസക് അവതരിപ്പിക്കുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ രൂപരേഖയിലൂന്നിയുള്ള ബജറ്റിനാണ് രൂപം നല്‍കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 35000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാറും ലോകബേങ്ക് ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളും വിലയിരുത്തിയിരുന്നത്. നടപ്പ് വര്‍ഷത്തെ പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം വകമാറ്റിയതിലൂടെ ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 2500 കോടി രൂപയുടെ ധനസഹായവുമാണ് ഈ ഇനത്തില്‍ ലഭ്യമായത്. കേന്ദ്രത്തില്‍ നിന്ന് 3500 കോടി രൂപ കൂടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇനിയും ലഭിച്ചിട്ടില്ല. ജി എസ് ടി സെസ് എന്ന നിര്‍ദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ഇത് പഠിക്കാന്‍ സമിതിയെ വെച്ചിരിക്കുകയാണ്. പെട്ടെന്നൊരു തീരുമാനം ഇക്കാര്യത്തിലും പ്രതീക്ഷിക്കുന്നില്ല. വായ്പാ പരിധി ഉയര്‍ത്താത്തതിനാല്‍ ലോകബേങ്ക്, എ ഡി ബി വാഗ്ദാനം ചെയ്ത വായ്പ സ്വീകരിക്കാനുമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തോമസ് ഐസക് ബജറ്റിന് രൂപം നല്‍കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും കൂടുതല്‍ വിദേശ വായ്പകള്‍ സ്വീകരിക്കാന്‍ കഴിയും വിധമുള്ള ക്രമീകരണങ്ങള്‍ ബജറ്റിലൂടെ നടത്താന്‍ ശ്രമിച്ചേക്കാം. കിഫ്ബി വഴി കൂടുതല്‍ ധനസമാഹരണത്തിന് പദ്ധതിയുണ്ടാകും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി പദ്ധതികള്‍ നിര്‍മാണ ഘട്ടം പൂര്‍ത്തിയാക്കുകയാണ്. ഇതിനും പണം കണ്ടെത്തണം. പ്രവാസി ഡിവിഡന്റ് പദ്ധതിയിലൂടെ വലിയൊരു തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ശബരിമലക്കായി ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ടാകും. കാണിക്ക ഇടുന്നതിനെതിരെ സംഘ്പരിവാര്‍ നടത്തിയ പ്രചാരണം മൂലം വരുമാനത്തില്‍ ഇടിവുണ്ടായാല്‍ പ്രത്യേക സഹായവും പ്രഖ്യാപിക്കും. മണ്ഡലകാലത്തിന് ശേഷം വരുമാനത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായ ശേഷമാകും ഇതു സംബന്ധിച്ച തീരുമാനം. സ്ത്രീ സമത്വം മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ടാകും. വനിതാ മതിലിന്റെ സ്മാരകമെന്ന നിലയില്‍ നവോത്ഥാന മ്യൂസിയം സ്ഥാപിക്കാനും പദ്ധതിയുണ്ട്.