Connect with us

Editorial

മൃതദേഹങ്ങള്‍ക്ക് നിരക്ക് ഈടാക്കരുത്

Published

|

Last Updated

ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് ഏകീകരിക്കാന്‍ തീരുമാനിച്ചിരിക്കയാണ് എയര്‍ഇന്ത്യ. ഇതനുസരിച്ച് യു എ ഇയില്‍ നിന്ന് പ്രായപൂര്‍ത്തിയായവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിര്‍ഹവുമാണ് രാജ്യത്തെ എല്ലാ സെക്ടറുകളിലേക്കും ഈടാക്കുക. സഊദിയില്‍ നിന്നും ഖത്വറില്‍ നിന്നും 2200 റിയാല്‍, ഒമാനില്‍ നിന്ന് 160 റിയാല്‍, കുവൈത്തില്‍ നിന്ന് 175 ദിനാര്‍, ബഹ്‌റൈനില്‍ നിന്ന്് 225 ദിനാര്‍ എന്നിങ്ങനെയാണ് മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള നിരക്ക്. പുറമേ 110 ദിര്‍ഹം കസ്റ്റംസ് ഡ്യൂട്ടിയും നല്‍കണം. മൃതദേഹങ്ങള്‍ തൂക്കിനോക്കി ചാര്‍ജ് നിശ്ചയിക്കുന്ന രീതിക്ക് ഇതോടെ അറുതി വന്നിരിക്കുകയാണ്.
ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഗോ നിരക്കായിരുന്നു ഇതുവരെയും എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. കിലോക്ക് 15 ദിര്‍ഹമായിരുന്നു ആദ്യത്തില്‍. വിമാന കമ്പനിയുടെ നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇടക്കാലത്ത് അത് 30 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പഴയ നിരക്കാക്കി കുറച്ചെങ്കിലും തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന രീതി തുടര്‍ന്നു. മാത്രമല്ല, പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്ന “ഫ്രീ ഓഫ് കോസ്റ്റ്” സമ്പ്രദായവും കമ്പനി ഒഴിവാക്കി. ശമ്പളം കുറഞ്ഞ പ്രവാസികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്ന അപേക്ഷയില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിയായിരുന്നു ഫ്രീ ഓഫ് കോസ്റ്റ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തെക്കന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്.

മൃതദേഹങ്ങള്‍ക്ക് ഈടാക്കുന്ന കൊള്ള നിരക്കും പ്രാദേശികതയുടെ പേരില്‍ നിരക്കില്‍ കാണിക്കുന്ന വേര്‍തിരിവും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് നിര്‍ത്തലാക്കണമെന്നും മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളും സിറാജ് ഉള്‍പ്പെടെ മാധ്യമങ്ങളും നിരന്തരം അധികൃതരെ സമീപിച്ചിരുന്നു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുകയും യു എ ഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. പാക്കിസ്ഥാനും ബംഗ്ലാദേശുമെല്ലാം തങ്ങളുടെ പൗരന്മാര്‍ മരിച്ചാല്‍ സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ ഗള്‍ഫ് സെക്ടറില്‍ കൊള്ള നിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യയും മറ്റു ഇന്ത്യന്‍ വിമാനക്കമ്പനികളും ഇന്ത്യക്കാരോട് യാതൊരു ദയാദാക്ഷീണ്യവും കാണിക്കാന്‍ തയ്യാറായില്ല.

അതിനിടെ വിമാനത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതും പ്രതിഷേധം ക്ഷണിച്ചു വരുത്തി. മൃതദേഹങ്ങള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍ ഒ സി, റദ്ദാക്കിയ പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി അനുമതി വാങ്ങണം, മൃതദേഹം കൊണ്ടുവരുമ്പോള്‍ അനുഗമിക്കുന്നവര്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. ഇതനുസരിച്ച് രേഖകള്‍ക്കായി മൃതദേഹവുമായി രണ്ട് ദിവസം കാത്തുനില്‍ക്കേണ്ടി വരും. എംബാം ചെയ്ത മൃതദേഹം സാധാരണഗതിയില്‍ രണ്ട് ദിവസമാണ് കേടാകാതെ നില്‍ക്കുകയെന്നതിനാല്‍ അതിലധികം വൈകിയാല്‍ ദുര്‍ഗന്ധം വമിക്കാനുമിടയായേക്കും. ഇതിനെതിരെ അബൂദബിയിലെ മലയാളി പ്രവാസി നല്‍കിയ ഹരജിയില്‍ കേരള ഹൈക്കോടതി വിമാനത്താവള അധികൃതരുടെ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
പ്രവാസികള്‍ക്ക് ആശ്വാസമെന്ന അവകാശവാദത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഏകീകൃത നിരക്ക് കൂടുതലാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. തൂക്കി നോക്കി നിശ്ചയിക്കുന്ന നിരക്കുമായി വലിയ മാറ്റമില്ല പുതിയ നിരക്കിന്. ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ വരികയും ചെയ്യും. എയര്‍ ഇന്ത്യ 1500 ദിര്‍ഹമും കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുമ്പോള്‍ എയര്‍ അറേബ്യ 1100 ദിര്‍ഹം മാത്രമാണ് ഈടാക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം എയര്‍ അറേബ്യ ഇന്ത്യയിലെ 12 സെക്ടറുകളിലേക്ക് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂവെന്നതിനാല്‍ മറ്റു സെക്ടറുകളിലുള്ളവര്‍ക്ക് എയര്‍ ഇന്ത്യയെ ആശ്രയിക്കാതെ നിര്‍വാഹമില്ല. പ്രവാസികളുടെ ഈ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുകയാണ് ഇന്ത്യന്‍ വിമാന കമ്പനി. ഈ സാഹചര്യത്തില്‍ മൃതദേഹങ്ങളോട് കാണിക്കേണ്ട ആദരവിന്റെ അടിസ്ഥാനത്തിലും രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്തും ഇതര രാഷ്ട്രങ്ങളെ പോലെ മൃതദേഹങ്ങള്‍ തീര്‍ത്തും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിന് വിമാനക്കമ്പനി വഴങ്ങുന്നില്ലെങ്കില്‍ ആ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.

Latest