Connect with us

Gulf

'മൃതദേഹത്തിന് ഏകീകൃത നിരക്ക് ഗുണം ചെയ്യില്ല'

Published

|

Last Updated

ദുബൈ: ഗള്‍ഫില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ ഏകീകൃത നിരക്ക് ഏര്‍പെടുത്തിയതില്‍ ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. നിലവില്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഇനി ഈടാക്കുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനം കൊണ്ട് ആകെയുള്ള ഗുണം മൃതദേഹം, പച്ചക്കറിയും മറ്റും കൊണ്ടു പോകുന്നത് പോലെ തൂക്കി നോക്കി നിരക്ക് ഈടാക്കില്ല എന്ന് മാത്രം.

കേരളത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ശരാശരി കിലോക്ക് 14 ദിര്‍ഹമാണ് ഈടാക്കുന്നത്. ഷാര്‍ജയില്‍ നിന്ന് കിലോക്ക് ഒമ്പത് ദിര്‍ഹം. ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് യു എ ഇ യില്‍ എവിടെ നിന്നും കിലോക്ക് ഒമ്പത് ദിര്‍ഹം മാത്രമേയുള്ളൂ. ഒരു ഇന്ത്യന്‍ മൃതദേഹം പെട്ടിയടക്കം 140 കിലോയോളം വരും. ആ നിലയില്‍ 1400 ദിര്‍ഹമാണ് ശരാശരി ആവുക.. അതേസമയം ഏകീകൃത നിരക്ക് 1500 ദിര്‍ഹം. ഹാന്‍ഡ്ലിംഗ് നിരക്ക് കൂടി ചേര്‍ത്താല്‍ 2150 ദിര്‍ഹമാകും. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് ഹാന്‍ഡ്ലിംഗ് നിരക്ക് അടക്കം 1400 ദിര്‍ഹം മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടി. നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്നും അശ്‌റഫ് ആവശ്യപ്പെട്ടു. പ്രവാസി മൃതശരീരം തുലാസില്‍ തൂക്കുന്ന നടപടിക്കെതിരായി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഡല്‍ഹിയിലെ പാര്‍ലിമെന്റ് തെരുവില്‍ നടത്തിയ 30 മണിക്കൂര്‍ നിരാഹാര സമരവും, തന്ത്രപരമായ ഇടപെടലും ഫലം കണ്ടുവെന്നു നാട്ടിലുള്ള കെ എം ബഷീര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ മേലാല്‍ പ്രവാസി മൃതശരീരം വലിയ തുലാസില്‍ കയറ്റില്ല എന്ന ആശ്വാസമുണ്ട്. യു എ ഇയില്‍ നിന്നും 1500 ദിര്‍ഹം കൂലി നിശ്ചയിച്ചു. കൂലി 1500 ദിര്‍ഹമാക്കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല, പൂര്‍ണമായും സൗജന്യമായ സേവനം തന്നെയാണ് എം ഡി എഫ് ആവശ്യപ്പെടുന്നത്, അതിനായി തുടര്‍ നടപടികളുമായി മുന്നോട്ട് പോകും, കെ എം ബഷീര്‍ വ്യക്തമാക്കി
ഗള്‍ഫ് നാടുകളിലും അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ ഏത് കോണുകളില്‍ നിന്നായാലും മരണപ്പെടുന്ന പ്രവാസികളോട് അനാദരവ് അനുവദിക്കില്ല, എന്ത് വിലനല്‍കിയും ഇത്തരം പൈശാചിക നടപടി അവസാനിപ്പിക്കും, പ്രവാസികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്രഭടന്മാരാണ്, അവരുടെ മൃതശരീരത്തെ ആദരവോടെ കൈകാര്യം ചെയ്യുന്നതിന് പകരം പ്രാകൃതമായ സമീപനം മഹാഭാരതത്തിന്റെ സംസ്‌കാരത്തിനോ ഇന്ത്യന്‍ മാനവികതക്കോ യോജിച്ചതല്ല, ബഷീര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest