മിഠായി തെരുവ് ആക്രമണം: പ്രതികള്‍ക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുത്തു

Posted on: January 5, 2019 6:54 pm | Last updated: January 5, 2019 at 9:12 pm

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവര്‍ക്ക് എതിരെ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ആര്‍എസ്എസ് സംഘം മിഠായിത്തെരുവില്‍ അഴിഞ്ഞാടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 27 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് പേര്‍ പിടിയിലായിരുന്നു. കണ്ടാലറിയാവുന്ന നൂറോളം ആളുകള്‍ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികള്‍ക്ക് നേരെ സംഘ് പ്രവര്‍ത്തകര്‍ വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. പത്തോളം കടകള്‍ ഇവര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടുന്ന ആഹ്വാനങ്ങളുമായി സംഘ് പ്രവര്‍ത്തകര്‍ മിഠായി തെരുവില്‍ റാലി നടത്തിയത്.