Connect with us

Gulf

ഡിസി ബുക്‌സ് പുസ്തകമേള മനാര്‍ മാളില്‍

Published

|

Last Updated

റാസ് അല്‍ ഖൈമ: റിയല്‍ എസ്റ്റേറ്റ് ഡെവലെപ്പര്‍ ഗ്രൂപ്പായ അല്‍ ഹംറയും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേള റാസ് അല്‍ ഖൈമയിലെ മനാര്‍ മാളില്‍ ആരംഭിച്ചു.
അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യു എ ഇയുടെ ചരിത്രവും പൈതൃകവും സംബന്ധിച്ചുള്ള ധാരാളം പുസ്തകങ്ങളുമുണ്ട്. എല്ലാ പുസ്തകങ്ങള്‍ക്കും പുതുവര്‍ഷം പ്രമാണിച്ചുള്ള പ്രത്യേക വിലക്കിഴിവുണ്ട്.

ബുക് ഫെയര്‍ പോലുള്ള സാംസ്‌കാരിക സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക വഴി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് അല്‍ ഹംറ ഗ്രൂപ്പ് സി ഇ ഒ ബിനോയ് കുര്യന്‍ പറഞ്ഞു. ബുക് ഫെയര്‍ നടക്കുന്ന ഒരു മാസക്കാലം സമീപപ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വിലക്കിഴിവുകളില്‍ പുസ്തകങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇയിലെ മറ്റു എമിറേറ്റുകളില്‍ സംഘടിപ്പിച്ച റീഡിംഗ് ഫെസ്റ്റിവലുകളുടെ വന്‍വിജയത്തിന് ശേഷമാണ് റാസ് അല്‍ ഖൈമയിലെ പുസ്തകപ്രേമികള്‍ക്കായി മനാര്‍ മാളിലെ ബുക് ഫെയറെന്ന് ഡി സി ബുക്‌സ് യു എ ഇ ബിസിനസ് മാനേജര്‍ അനില്‍ എബ്രഹാം പറഞ്ഞു. യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളിലുള്ള സാഹിത്യാസ്വാദകര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് ബുക്‌ഫെയറിലൂടെ ലഭിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വായനക്കാര്‍ക്കായി സമഗ്രമായ പുസ്തകശേഖരമാണ് മനാര്‍ മാളിലെ ബുക് ഫെയറില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവര്‍ത്തനസമയം. ഫെബ്രുവരി രണ്ടിന് സമാപിക്കും.