സൈമണ്‍ ബ്രിട്ടോ; അതിജീവനത്തിന്റെ അത്ഭുത പ്രതിഭാസം

Posted on: January 5, 2019 6:47 pm | Last updated: January 5, 2019 at 6:47 pm

അബുദാബി: പ്രതിയോഗികളുടെ കഠാരക്കുത്തേറ്റ് അരക്ക് താഴെ തളര്‍ന്നതിന് ശേഷവും 35 വര്‍ഷക്കാലം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സൈമണ്‍ ബ്രിട്ടോ സ്വന്തം ശരീരം കൊണ്ട് പറന്നെത്താനാവാത്തിടത്ത് മനസ്സുകൊണ്ട് പറന്നെത്തിയ അത്ഭുത പ്രതിഭാസമായിരുന്നുവെന്ന് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റേയും ശക്തി തിയറ്റേഴ്സിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

ഇച്ഛാശക്തികൊണ്ട് മരണത്തെ തോല്‍പിച്ച തളരാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ സൈമണ്‍ ബ്രിട്ടോക്ക് വീല്‍ചെയറില്‍ ഭാരതം മുഴുവനും സഞ്ചരിക്കാന്‍ കഴിഞ്ഞത് ഈ ഇച്ഛാശക്തിയുടെയും മനോധൈര്യത്തിന്റേയും ഫലമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശക്തി തിയറ്റേഴ്സ് വൈസ് പ്രസിഡന്റ് മധു പരവൂര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ശക്തി തിയറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി കെ വി ബശീര്‍, ലോക കേരളസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കെ ബി മുരളി, സുരേഷ് പാടൂര്‍, സഫറുല്ല പാലപ്പെട്ടി, ഈദ് കമല്‍, ബാബുരാജ് പിലിക്കോട്, സലീം ചോലമുഖത്ത്, എന്‍ നിഷാം സംസാരിച്ചു.