Connect with us

Gulf

ഏഷ്യാകപ്പ് കാല്‍പന്തു കളിക്ക് ആരവമുയരുമ്പോള്‍

Published

|

Last Updated

യൂറോപ്പിന്റെ ശക്തിയോ ലാറ്റിനമേരിക്കയുടെ സൗന്ദര്യമോ ഏഷ്യന്‍ ഫുട്‌ബോളിനില്ല. ലോക കപ്പില്‍ അപൂര്‍വമായാണ് ഏതെങ്കിലും ഏഷ്യന്‍ രാജ്യം രണ്ടാം റൗണ്ട് കടക്കുന്നത്. എന്നാലും ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരാണ് മിക്ക ഏഷ്യന്‍ രാജ്യക്കാരും. ഇന്ത്യന്‍ ലീഗ് ടൂര്‍ണമെന്റുകള്‍ക്കും കാഴ്ചക്കാര്‍ ധാരാളം. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ കായിക മേഖലയില്‍ ഏറ്റവും ജനപ്രീതിയുള്ളത് ഫുട്‌ബോളിന്. അതു കൊണ്ട് തന്നെ ഏഷ്യാ കപ്പ് ഫുട്‌ബോളിനു യു എ ഇ യില്‍ ഇന്ന് ആരവമുയരുമ്പോള്‍ സ്വദേശികളും വിദേശികളും ഒരു പോലെ ആവേശത്തിലാണ്. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്. ഒരു പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരു യുഗപ്പകര്‍ച്ച ഇവിടെ കാണാനാകും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെയോ കോപ്പ അമേരിക്കയുടെയോ നിലവാരത്തിലേക്ക് ഏഷ്യാകപ്പ് മാറുകയും ചെയ്‌തേക്കാം. ഫിഫ ക്ലബ് ലോക കപ്പില്‍ അല്‍ഐന്‍ ഫൈനലിലെത്തി റയല്‍ മാഡ്രിഡിനോട് പൊരുതിത്തോറ്റത് ഏതാനും ദിവസം മുമ്പ്. ഇതോടെ, ഏഷ്യന്‍ ടീമുകളെ അങ്ങിനെ എഴുതിത്തള്ളേണ്ടതില്ലെന്ന് തെളിഞ്ഞു. കാണികളെ സംബന്ധിച്ചാണെങ്കില്‍, 2022 ലെ ദോഹ ലോക കപ്പിന് മുന്നോടിയായുള്ള വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. ഗള്‍ഫ് രാജ്യങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന ഖത്വര്‍, ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടുന്നത് സഊദി അറേബ്യയുമായാണെന്നത് ശ്രദ്ധേയം. യു എ ഇ യിലെ വിദേശികള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളതിനാല്‍ ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുമ്പോള്‍ ആവേശബദ്ധമായ കൗതുകം സ്വാഭാവികം. മലപ്പുറം സ്വദേശി ആശിഖ് കുരുണിയന്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നത് മലയാളികള്‍ക്ക് അഭിമാനം.

പക്ഷേ, രാഷ്ട്രീയത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും സാമ്പത്തികമഹിമയ്ക്കും അപ്പുറമാണ് കാല്‍പന്തുകളിയുടെ മനോഹാരിത. ഒരു ബൈസിക്കിള്‍ കിക്കോ ലക്ഷ്യ സ്ഥാനത്തേക്കുള്ള ചടുലമായ നീക്കമോ ഗോളിയുടെ മിന്നല്‍ പ്രതിരോധമോ മതി കാണികള്‍ക്കു എല്ലാം മറക്കാന്‍. പെലെയും മറഡോണയും ഗരിഞ്ചയും മറ്റും തീര്‍ത്ത, ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ലൂക്കാ മോഡ്രിച്ചും പ്രദര്‍ശിപ്പിക്കുന്ന അവിസ്മരണീയ പാടവങ്ങള്‍ എല്ലാ കാലത്തേക്കുമുള്ള അത്ഭുതമാണ്. മനസ്സിന്റെ മുറിവുണക്കാനുള്ള ഔഷധമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യുദ്ധങ്ങള്‍ ബാക്കിവെച്ച ദാരിദ്ര്യം അവഗണിക്കാന്‍ പല രാജ്യങ്ങളിലും യുവത്വത്തിന് അടിത്തറയായതു പന്തിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൂട്ടായി ശ്രമിക്കുന്ന മൈതാനങ്ങളാണ്. നിരവധി ക്ലബ്ബുകള്‍ ഉദയം ചെയ്തു. അതിന്റെ വിജയത്തിലൂടെ ആത്മാഭിമാനം വീണ്ടെടുത്തു. 1871 ല്‍ ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. 1904 ല്‍ പാരീസില്‍ ഫിഫ. അധികം വൈകാതെ ഏഷ്യയിലും മത്സരങ്ങള്‍.

ഇന്ന് കോടികള്‍ കൈമാറ്റം ചെയ്യപ്പെടുന്ന രംഗവുമാണ് കാല്‍പന്തു കളി. പ്രതിഭയുള്ളവര്‍ക്കു കൈനിറയെ പണം. ഏഷ്യയില്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്നു. വലിയ മാറ്റങ്ങളാണ് ഇവിടങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ലോകം കീഴടക്കുകയാണ് ലക്ഷ്യം. ഇവരുടെ ഒരുക്കങ്ങള്‍ എത്രത്തോളമായി എന്നറിയാന്‍ ഏഷ്യാകപ്പ് അവസരം നല്‍കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൊണ്ട് ഭാരതത്തിനു എന്തെങ്കിലും ഗുണമുണ്ടായോ എന്നും മനസ്സിലാക്കാന്‍ പറ്റും. ലോക താരങ്ങളായ ബള്‍ഗേറിയയുടെ ബെര്‍ബെറ്റോവ്, ഫ്രാന്‍സിന്റെ അനല്‍ക, ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസ് എന്നിവരൊക്കെ ഐ എസ് എല്ലില്‍ ബൂട്ടണിഞ്ഞവരാണ്. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമോയെന്നു ഇന്ത്യക്കാര്‍ ഉറ്റുനോക്കുന്നു.
ഭീകരവാദം തകര്‍ത്ത സിറിയ, ലോകകപ്പില്‍ കളിച്ച, കഴിഞ്ഞ തവണത്ത ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഹൂത്തികളുടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ യമന്‍, 2020 ഒളിമ്പിക്‌സിന് ഒരുങ്ങി നില്‍ക്കുന്ന ജപ്പാന്‍ എന്നിവര്‍ എത്രമാത്രം ശക്തരാണെന്നു കാണാം. ഇന്ന് അബുദാബി സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ബഹ്‌റൈനുമായി കൊമ്പുകോര്‍ക്കും. ഞായറാഴ്ച ഇന്ത്യ തായ്ലാന്‍ഡിനെ നേരിടും. ഈ മാസം പത്തിന് യു എ ഇ യുമായും 14 നു ബഹ്‌റൈനുമായും ഇന്ത്യക്ക് മത്സരമുണ്ട്. അബുദാബിക്ക് പുറമെ അല്‍ ഐന്‍, ദുബൈ, ഷാര്‍ജ എന്നിവടങ്ങളില്‍ കാല്‍പന്ത് കളി പ്രേമികള്‍ക്ക് മികച്ച വിരുന്നാണ് ഒരുങ്ങിയിരിക്കുന്നത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest