കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Posted on: January 5, 2019 6:40 pm | Last updated: January 5, 2019 at 8:30 pm

കോട്ടയം: പത്താമുട്ടത്ത് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസുമായി ഇരുവിഭാവും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ആക്രമണത്തെ തുടര്‍ന്ന് ഭീതിയോടെ ചര്‍ച്ചില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങുന്നതിനും സാഹചര്യമൊരുങ്ങി. ഇവര്‍ക്ക് സംരക്ഷണം നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ആറ് കുടുംബങ്ങള്‍ കഴിഞ്ഞ 13 ദിവസമായി ചര്‍ച്ചിലാണ് കഴിയുന്നത്.

ജില്ലാ പോലീസ് മേധാവി സിപിഎം ജില്ലാ കമ്മിറ്റി നേതാക്കളുമായും സി എസ് ഡി എസ് നേതൃത്വവുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിഞ്ഞത്. ആക്രമണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ചര്‍ച്ചയില്‍ ധാരണയായി. പ്രാദേശിക നേതാക്കളെ നിയന്ത്രിക്കണമെന്ന് സിഎസ്ഡിഎസ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടടിട്ടുണ്ട്. തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ക്ക് സിപിഎം താക്കീത് നല്‍കിയതായാണ് സൂചന.

കഴിഞ്ഞ ഡിസംബര്‍ 23നാണ് കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായത്.