ജനങ്ങളില്‍ ഭീതിപടര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു ; സര്‍ക്കാര്‍ കര്‍ശനമായി നേരിടും: മുഖ്യമന്ത്രി

Posted on: January 5, 2019 6:32 pm | Last updated: January 5, 2019 at 7:14 pm

തിരുവനന്തപുരം: ജനങ്ങളില്‍ ഭീതിപടര്‍ത്താനും നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്താനുമാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അനുവദിക്കാനാകില്ലെന്നും ഇതിനെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്എസ് അവരുടെ അജണ്ടകള്‍ക്കനുസ്യതമായി ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് സര്‍ക്കാര്‍ അനുവദിക്കില്ല. ഇതിനെതിരെ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ ആര്‍എസ്എസ് നീക്കത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അക്രമങ്ങളോട് സംയമനം പാലിക്കാന്‍ ആളുകള്‍ തയ്യാറായിട്ടുണ്ടെന്നത് നല്ല കാര്യമാണ്. നിരവധി വികാരപരമായ സംഭവങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ വീടുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഒരോ പ്രദേശത്തും വികാരമുണര്‍ത്തുന്നതാണ്. ബഹുജന നേതാക്കളെ അക്രമിക്കാന്‍ ശ്രമം നടന്നു. അക്രമം ഒരു വിഭാഗത്തിന്റെ മാത്രം മാര്‍ഗമാണ് ഇതിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നേരിടും. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.