ഹര്‍ത്താല്‍ ആക്രമം: ഇതുവരെ അറസ്റ്റിലായത് 3178 പേര്‍. 487 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Posted on: January 5, 2019 2:57 pm | Last updated: January 5, 2019 at 6:55 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമ സംഭവങ്ങളില്‍ 1,286 കേസുകളിലായി ഇതുവരെ 3178 പേര്‍ അറസ്റ്റില്‍. 37,979 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഹര്‍ത്താലിന്റെ മറവില്‍ എട്ട് പോലീസ് ജീപ്പുകളടക്കം നൂറിലേറെ സര്‍ക്കാര്‍ വാഹനങ്ങളും ഇരുപതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് അക്രമികള്‍ തകര്‍ത്തത്. ഇതിന്റെയടക്കമുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

ഹര്‍ത്താലിനിടെയുണ്ടായ വിവിധ അക്രമ സംഭവങ്ങളിലായി 135 പോലീസ് ഉദ്യോഗസ്ഥരും പത്ത് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 274 പേര്‍ക്ക് പരുക്കേറ്റതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ അറിയിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോലീസുകാര്‍ക്ക് പരുക്കേറ്റത്. 26 പോലീസുകാര്‍ക്കാണ് ഇവിടെ പരുക്കേറ്റത്. പാലക്കാട് 24 പേര്‍ക്കും മലപ്പുറത്ത് പതിമൂന്ന് പേര്‍ക്കും കൊല്ലം റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പന്ത്രണ്ട് പേര്‍ക്ക് വീതവും പരുക്കേറ്റു.

സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പരുക്കേറ്റത് പത്തനംതിട്ടയിലാണ്- 18. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ പതിനേഴ് പേര്‍ക്ക് വീതം പരുക്കേറ്റു. കാസര്‍കോട് നാലും തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ രണ്ടും വീതം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.