കേരളത്തിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

Posted on: January 5, 2019 2:13 pm | Last updated: January 5, 2019 at 6:33 pm

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് റിപ്പോര്‍ട്ട് തേടിയത്. രാജ്‌നാഥ് സിംഗ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ഥിതി ഉടന്‍ നിയന്ത്രണ വിധേയമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

ശബരിമലയില്‍ എത്തിയ യുവതികളുടെ മാവോയിസ്റ്റ് ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. എംപിമാരായ വി മുരളീധരനും സുരേഷ് ഗോപിയും രാജ്‌നാഥ് സിംഗിനു നിവേദനം നല്‍കിയിരുന്നു. ഒരാഴ്ച രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം യുവതികള്‍ തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മലകയറ്റമെന്നു നിവേദനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന പോലീസിന്റെ പിന്തുണയും പരിശീലനവും ഇവര്‍ക്കു ലഭിച്ചു.

വനംവകുപ്പിന്റെ ആംബുലന്‍സ് വിട്ടുനല്‍കി. പതിനെട്ടാംപടി ചവിട്ടാതെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. യുവതികളുടെ പൂര്‍വകാലം പരിശോധിച്ചാല്‍ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചു തെളിവുകള്‍ ലഭിക്കുമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു.