Connect with us

Editorial

മുത്വലാഖും ശബരിമലയും

Published

|

Last Updated

കൗതുകകരമാണ് മുത്വലാഖിനെയും ശബരിമലയെയും കുറിച്ച് പ്രധാനമന്ത്രി നടത്തിയ വിശകലനങ്ങള്‍. മുത്തലാഖ് ലിംഗസമത്വത്തിന്റെയും സാമൂഹിക നീതിയുടെയും പ്രശ്‌നവും ശബരിമലയിലേത് ആചാരസംബന്ധമായ കാര്യവുമായതിനാല്‍ താരതമ്യം പറ്റില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞത്. മുത്വലാഖിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമല സംബന്ധിച്ച കോടതിവിധി നടപ്പാക്കാന്‍ നിയമം നിര്‍മാണം നടത്തുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോദി. ലിംഗസമത്വത്തിന്റെ വിഷയമായതിനാലാണ് മുത്വലാഖിനെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ശബരിമലയിലെ യുവതീപ്രവേശം ആചാരപരമായതിനാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. ശബരിമല വിഷയത്തില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചില്‍ യുവതീ പ്രവേശത്തെ എതിര്‍ത്ത വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പിലെ നിരീക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കാനും മോദി ഉപദേശിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് കേരള ബി ജെ പി കൈക്കൊള്ളുന്ന നിലപാടിനെ ന്യായീകരിക്കാനാണ് മോദിക്ക് ശബരിമല, മുത്വലാഖ് വിഷയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറയേണ്ടി വന്നത്. അതേസമയം ജുഡീഷ്യറി രണ്ടിനും ഒരേ മാനമാണ് നല്‍കിയത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വീക്ഷണത്തില്‍ മുത്വലാഖ് സ്ത്രീവിരുദ്ധമാണെന്നത് പോലെ, ശബരിമലയില്‍ യുവതീ പ്രവേശനത്തെ വിലക്കുന്നതും സ്ത്രീവിരുദ്ധമാണെന്ന് കോടതി പറയുന്നു. മുത്വലാഖ് ലിംഗസമത്വത്തിന്റെയും സാമൂഹിക നീതിയുടെയും പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍, ശബരിമല പ്രശ്‌നത്തില്‍ ഭരണഘടനാ ബെഞ്ചിന് പറയാനുള്ളതും അതുതന്നെയാണ്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്ഷേത്ര പ്രവേശത്തില്‍ സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് അവരെ തരം താഴത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത്. ഏത് വിഭാഗത്തില്‍ പെട്ട സ്ത്രീയെയും വേര്‍തിരിക്കാതെ ഒന്നായി കാണുന്നതാണ് നിയമത്തിനു മുന്നില്‍ സമത്വമെന്നുമായിരുന്നു കോടതി നിരീക്ഷണം. ശബരിമല വിഷയവും നിയമത്തിന് മുന്നില്‍ ലിംഗസമത്വത്തിന്റേതെന്നു തന്നെയെന്നു സാരം. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇത് മനസ്സിലാകാതെ പോയത്?

ശബരിമല വിഷയത്തില്‍ ഭൂരിപക്ഷവിധിയെ മാറ്റി നിര്‍ത്തി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനക്കുറിപ്പ് പൊക്കിപ്പിടിക്കുന്ന പ്രധാനമന്ത്രി, മുത്വലാഖ് വിഷയത്തില്‍ അഞ്ചംഗ ബെഞ്ചിലെ മൂന്നംഗ വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെയും ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിന്റെയും വിധിന്യായത്തോട് പുറം തിരഞ്ഞ് നില്‍ക്കുന്നതിന്റെ താത്പര്യമെന്താണ്? മുത്വലാഖ് വ്യക്തിനിയമത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ അത് ഭരണഘടനയാല്‍ സംരക്ഷിതമാണെന്നാണ് ഇരുവരുടെയും പക്ഷം. വിശ്വാസികള്‍ക്ക് അവരുടെ വ്യക്തിനിയമത്തിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. മതാചാരങ്ങളുടെയും വ്യക്തിനിയമത്തിന്റെയും മുക്കിലും മൂലയിലും നമ്മുടെ മനഃസാക്ഷി അതിക്രമിച്ചു കയറാതിരിക്കാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ലക്ഷ്യമുള്ള ഒരു കോടതിക്ക് വിശ്വാസ കാര്യത്തിന് പകരം കൊണ്ട് വരണമെന്നോ, പൂര്‍ണമായും ഒഴിവാക്കണമെന്നോ പറയാനാവില്ല. മതം എന്നത് വിശ്വാസ കാര്യമാണ്, യുക്തിയല്ല. മതാചാരങ്ങളില്‍ നവീകരണ ശ്രമം നടത്തേണ്ടത് സര്‍ക്കാറോ യുക്തിവാദികളോ അല്ല, മതശാസനകള്‍ അനുധാവനം ചെയ്യുന്ന യഥാര്‍ഥ മതവിശ്വാസികളാണെന്നും ജസ്റ്റിസ് ഖഹാര്‍ പറയുന്നു. ഇതനുസരിച്ചു ഭരണഘടനാ വിരുദ്ധമാണ് മുത്വലാഖിനെതിരായ ഓര്‍ഡിന്‍സ്.

ഇസ്‌ലാമിലെ ത്വലാഖും മുത്വലാഖും സ്ത്രീവിരുദ്ധവും ലിംഗസമത്വത്തിനെതിരുമാണെന്ന ചിന്താഗതി അജ്ഞതയില്‍ നിന്നുടലെടുത്തതാണ്. വസ്ത്രം മാറ്റുന്ന ലാഘവത്തോട സ്ത്രീകളെ ഉപേക്ഷിക്കാനും വിവാഹം ചെയ്യാനും ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ടെന്നാണ് പലരുടെയും ധാരണ. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ ഉടനെ തന്നെ വിവാഹമോചനം നടത്താനല്ല ഇസ്‌ലാമിന്റെ നിര്‍ദേശം. അതിന് ചില നടപടിക്രമങ്ങളുണ്ട്. ഇണയില്‍ ദാമ്പത്യ ജീവിതത്തിന്റെ സുഗമമായ പ്രയാണത്തിന് വിഘാതമായ സ്വഭാവ ദൂഷ്യങ്ങള്‍ പ്രകടമായാല്‍ ഉപദേശത്തിലൂടെയും ശാസനയിലൂടെയും ചര്‍ച്ചകളിലൂടെയും അത് പരിഹരിക്കന്‍ പരമാവധി ശ്രമിക്കണമെന്നും അനുരജ്ഞനത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാത്ത സാഹചര്യത്തില്‍ അറ്റകൈയെന്ന നിലിയല്‍ മാത്രമേ വിവാഹ മോചനം നടത്താവൂ എന്നുമാണ് ഖുര്‍ആനി ന്റെ കല്‍പന. മുസ്‌ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടു വരികയാണെങ്കില്‍ ഖുര്‍ആനിക നിയമങ്ങള്‍ സ്വീകരിക്കണമെന്ന് മുത്വലാഖ് ബില്‍ ചര്‍ച്ചാ വേളയില്‍ കോണ്‍ഗ്രസ് വനിതാ എം പി രജ്ഞിത രജ്ഞന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ.് മുത്വലാഖ് വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യത്തിലെ ഖുര്‍ആനികാധ്യാപനങ്ങള്‍ താന്‍ വിശദമായ പഠനത്തിനു വിധേയമാക്കിയെന്നും ഇതുവഴി വിവാഹമോചനത്തില്‍ നിലവിലുള്ള ഏറ്റവും മെച്ചപ്പെട്ട നിയമം ഇസ്‌ലാമിന്റേതാണെന്നു ബോധ്യപ്പെട്ടതായും അവര്‍ പറയുന്നു. കാര്യങ്ങളുടെ നിജസ്ഥിതി സത്യസന്ധമായി മനസ്സിലാക്കണമെന്ന ലക്ഷ്യത്തില്‍ ഖുര്‍ആനിനെയും ഇസ്‌ലാമിലെ പ്രമാണിക ഗ്രന്ഥങ്ങളെയും സമീപിക്കുന്നവര്‍ക്കെല്ലാം ഇതുതന്നെയാണ് ബോധ്യപ്പെടുക. ഇസ്‌ലാമിക നിയമങ്ങളെ അന്ധമായി എതിര്‍ക്കുകയും ഹിന്ദുത്വ ആചാരങ്ങളെ അപ്പാടെ ന്യായീകിരക്കുകയും ചെയ്യുക എന്ന സംഘ്പരിവാറിന്റെ അറുപിന്തിരിപ്പന്‍ നയം അംഗീകരിക്കുന്ന നരേന്ദ്രമോദിക്ക് ഇത് മനസ്സിലായിക്കൊള്ളണമെന്നില്ല.

---- facebook comment plugin here -----

Latest