Connect with us

National

പ്രതിരോധ മന്ത്രി രണ്ട് മണിക്കൂര്‍ സംസാരിച്ചിട്ടും എന്റെ ലളിതമായ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ല: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ പാര്‍ലിമെന്റില്‍ ചോദിച്ച രണ്ട് ലളിതമായ ചോദ്യങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ സംസാരിച്ചിട്ടും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനില്‍ നിന്ന് ഉത്തരം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റില്‍ താന്‍ ഇന്നലെ ചോദിച്ച ചോദ്യങ്ങളുടെ വീഡിയോക്കൊപ്പമാണ് രാഹുല്‍ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ എല്ലാവരും കണ്ട് ഷെയര്‍ ചെയ്യണമെന്നും പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ മന്ത്രിമാരോടും ഓരോ ഇന്ത്യക്കാരനും ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും തമ്മില്‍ ലോക്‌സഭയില്‍ ഇന്നലെ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. രാഹുല്‍ തന്നെ കള്ളിയെന്ന് വിളിച്ചുവെന്ന് പൊട്ടിത്തെറിച്ചാണ് പ്രതിരോധ മന്ത്രി സംസാരിച്ചത്.
പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കിയത് കഴിഞ്ഞ യു പി എ സര്‍ക്കാറാണെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. സഭയില്‍ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു.

റാഫേല്‍ കരാര്‍ യു പി എ ഭരണകാലത്ത് യാഥാര്‍ഥ്യമാകാതിരുന്നത് കമ്മീഷന്‍ കിട്ടാത്തതുകൊണ്ടാണെന്ന് അവര്‍ ആരോപിച്ചു. പ്രധാനമന്ത്രിയെ കള്ളനെന്നും തന്നെ കള്ളിയെന്നും വിളിച്ചതിനു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് നേരിട്ട് പങ്കെന്നും ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നിര്‍മല സീതാരാമന്റെ പേര് എടുത്തുപറഞ്ഞാണ് രാഹുല്‍ ഗാന്ധി താന്‍ നിങ്ങളെ കുറ്റക്കാരിയാക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. അനില്‍ അംബാനിയുടെ പേര് നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഹോളാന്‍ഡെ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നിര്‍മല സീതാരാമനെതിരെ ആരോപണമുന്നയിക്കാന്‍ തന്റെ കൈയില്‍ തെളിവില്ല. എന്നാല്‍, പ്രധാനമന്ത്രിക്ക് റാഫേല്‍ അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്ക് കോണ്‍ട്രാക്ട് നല്‍കിയ തീരുമാനം ആരാണ് എടുത്തതെന്നും രാഹുല്‍ ചോദിച്ചു. രാജ്യം മുഴുവന്‍ വിരല്‍ ചൂണ്ടുമ്പോഴും ഒരു വാക്ക് പോലും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Latest