സിഡ്‌നിയില്‍ ഓസീസ് കറങ്ങി വീഴുന്നു

Posted on: January 5, 2019 10:22 am | Last updated: January 5, 2019 at 12:01 pm

സിഡ്‌നി: കുല്‍ദീപ് യാദവിന്റേയും രവീന്ദ്ര ജഡേജയുടേയും കറങ്ങുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസീസ് വട്ടം കറങ്ങുന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 622 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ആറ് വിക്കറ്റിന് 198 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ 424 റണ്‍സിന് പിന്നിലാണ് ആസ്‌ത്രേലിയ. 20 റണ്‍സുമായി ട്രാവിസ് ഹെഡും റണ്ണൊന്നുമെടുക്കാതെ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. മാര്‍ഷല്‍ ഹാരിസ് (79), ഉസ്മാന്‍ ഖവാജ (27), ലബുഷാഗ്നെ (22), ഷോണ്‍ മാര്‍ഷ് (എട്ട്), ട്രാവിസ് ഹെഡ് (21), ടിം പെയ്ന്‍ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ജഡേജ രണ്ടും ഷാമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, വിക്കറ്റ് നഷ്ടപ്പെടാതെ 22 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനെ ഉസ്മാന്‍ ഖവാജയും ഹാരിസും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. ടീം സ്‌കോര്‍ 72ല്‍ നില്‍ക്കെ ഖവാജയെ വീഴ്ത്തി കുല്‍ദീപ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഓസീസിന് വിക്കറ്റുകള്‍ നഷ്ടമായി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സുമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 130 റണ്‍സുമായി രണ്ടാം ദിനം കളി ബാറ്റിംഗ് തുടര്‍ന്ന പുജാര 63 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 193ന് പുറത്തായപ്പോള്‍ പന്ത് 159 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആസ്‌ത്രേലിയന്‍ മണ്ണില്‍ ഒരു ഇന്നിംഗ്‌സില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറിനാണ് ഇന്നലെ ഡിക്ലയര്‍ ചെയ്തത്. 2004ല്‍ ഇതേ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 705 ആണ് ആസ്‌ത്രേലിയയില്‍ ഇന്ത്യ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആദ്യ ദിനത്തിലെ വന്‍മതില്‍ പോരാട്ടം രണ്ടാം ദിനത്തിലും ആവര്‍ത്തിച്ച പുജാരക്ക് ഇരട്ട സെഞ്ച്വറി കൈവിട്ടു. ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ വെച്ച് പുജാരയെ നഥാന്‍ ലിയോണാണ് പുറത്താക്കിയത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ഒമ്പത് മണിക്കൂറും എട്ട് മിനുട്ടും ക്രീസില്‍ നിലയുറപ്പിച്ച പുജാരെ അക്ഷരാര്‍ഥത്തില്‍ വന്‍മതിലാകുകയായിരുന്നു. പിന്നാലെയെത്തിയ ഋഷഭ് പന്താകട്ടെ പുജാര കെട്ടിയുയര്‍ത്തിയ മതിലില്‍ കയറി ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ കണക്കിന് പ്രഹരിക്കുകയായിരുന്നു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഇന്നലെ തീര്‍ത്തത്. ആസ്‌ത്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന പേരും പന്തിന് സ്വന്തമായി. 189 പന്തില്‍ നിന്നാണ് 15 ഫോറും ഒരു സിക്‌സറുമടക്കം ഋഷഭ് പന്ത് 159 റണ്‍സ് വാരിക്കൂട്ടിയത്. പുജാരയുമായി ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ പന്ത്, പിന്നീട് ജഡേജ (81) യോടൊപ്പം ചേര്‍ന്ന് പടുത്തുയര്‍ത്തിയ 204 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. പെര്‍ത്തില്‍ ഓസീസിനായിരുന്നു ജയം. സിഡ്‌നിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ആസ്‌ത്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാകുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് നേടാം.