പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Posted on: January 5, 2019 9:47 am | Last updated: January 5, 2019 at 10:54 am

കോഴിക്കോട്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയിലില്‍ വടക്കെടത്ത് താഴെ കൊളപ്പുറത്ത് രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. വന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബോംബേറില്‍ വീടിന്റെ ജനലും വാതിലും തകര്‍ന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ മുതല്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ചു പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും വീടുകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിക്കപ്പെടുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വരുംദിവസങ്ങളില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയനുസരിച്ച് വടകര, പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊതു സമ്മേളനമോ ഘോഷയാത്രയോ പ്രകടനമോ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്.