Connect with us

Gulf

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകീകൃത നിരക്ക്: ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു

Published

|

Last Updated

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഭാരം കണക്കാക്കി ചാര്‍ജ് ഈടാക്കുന്ന നിയമം ഒഴിവാക്കിയ എയര്‍ഇന്ത്യ നടപടിയെ ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. മൃതദേഹം തൂക്കിനോക്കി ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ഐസിഎഫ് കേന്ദ്ര സര്‍ക്കാറിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്‍കിയിരുന്നു. കേരളത്തില്‍ എസ് വൈ എസിന്റെ ആഭിമുഖ്യത്തിലും പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.
ഭാഗികമായി ആണ് ഇപ്പോള്‍ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെട്ടത് . മൃതശരീരം സൗജന്യമായി നാട്ടിലേക്ക് എത്തിക്കുക എന്ന ആവശ്യം പൂര്‍ണമായി നടപ്പാക്കുന്നത് വരെ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങായി നില്‍ക്കുന്ന പ്രവാസി സമൂഹത്തോട് കാണിക്കുന്ന അവഹേളനമായിട്ടാണ് ഭാരം തൂക്കി നോക്കി നിരക്ക് ഈടാക്കുന്നതിനെ പ്രവാസികള്‍ കാണുന്നത്.
മൃതശരീരം നാട്ടില്‍ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി വിമാനക്കൂലി നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്. ഗള്‍ഫില്‍ മരണപ്പെടുന്ന മുഴുവന്‍ പ്രവാസികളുടെയും ശരീരം സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്തേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നീക്കം നടത്തണം
എമിഗ്രേഷന്‍ ഡെപ്പോസിറ്റ് വകയിലും, ഇന്ത്യന്‍ നയതന്ത്രാലയങ്ങളില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ സര്‍വീസുകള്‍ക്ക് വെല്‍ഫയര്‍ ഫണ്ട് എന്ന പേരില്‍ ഈടാക്കി വരുന്ന പണവും ഫണ്ടുകളും ഉപയോഗപ്പെടുത്തി പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കുവാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest