Connect with us

Kannur

കണ്ണൂരില്‍ അക്രമ പരമ്പര; സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

Published

|

Last Updated

ബോംബേറില്‍ ഷംസീര്‍ എംഎല്‍എയുടെ വീട്ടിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അക്രമ പരമ്പര. സിപിഎം, ബിജെപി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ക്ക് നേരെ ബോംബേറ്. തലശ്ശേരി എം എല്‍ എ, എ എന്‍ ഷംസീറിന്റെയും ബിജെപി എംപി. വി മുരളീധരന്റെയും സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി കെ ശശിയുടെയും വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തു.

ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെ വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ എം എല്‍ എ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ വീടിനകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. വീട്ടിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നതൊഴിച്ചാല്‍ പറയത്തക്ക നാശനഷ്ടങ്ങളില്ല. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ ബോംബെറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി 12 മണിയോടെയായിരുന്നു വി മുരളീധരന്‍ എംപിയുടെ എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാടു വീടിന് നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

തലശ്ശേരി പി ഡബ്ല്യൂഡി റെസ്റ്റ് ഹൗസിലേക്കുള്ള ഹോളോ വേ റോഡരികിലുള്ള പി കെ ശശിയുടെ വീടിന് നേരെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ബേംബേറില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയം ശശി സ്ഥലത്തുണ്ടായിരുന്നില്ല.

ഇരിട്ടി പെരുമ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് തലശ്ശേരിയില്‍ സി പി എം, ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലും തലശ്ശേരിയിലും കൂടുതല്‍ പോലീസുകാരെയു് വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നും വയാട് നിന്നും കോഴിക്കോടു നിന്നും കൂടുതല്‍ പോലീസുകാരെയും കണ്ണൂരില്‍ വിന്യസിച്ചു.

Latest