ശബരിമലയില്‍ ഇന്നലെയും സ്ത്രീ കയറി; ഹര്‍ത്താലൊന്നുമില്ലേന്ന് മുഖ്യമന്ത്രി

Posted on: January 4, 2019 8:43 pm | Last updated: January 5, 2019 at 10:23 am

തിരുവനന്തപുരം: ‘രണ്ട് സ്ത്രീകള്‍ മല കയറിയാല്‍ മാത്രമെ ഹര്‍ത്താലുള്ളൂ, ഒരു സ്ത്രീ കയറിയാല്‍ ഇല്ലേ.’-ഹര്‍ത്താലിന്റെ മറവില്‍ ബി ജെ പി-ആര്‍ എസ് എസ് സംഘടനകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയതിനെ കടുത്ത ഭാഷയില്‍ അപലപിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ചോദ്യമുന്നയിച്ചത്. ശ്രീലങ്കന്‍ സ്വദേശിനി ശശികലയെന്ന യുവതി ഇന്നലെ രാത്രി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിനെ പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ശബരിമലയില്‍ സ്ത്രീകള്‍ കാലെടുത്തു വച്ചാല്‍ ജീവനൊടുക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

ആസൂത്രിതമായ അക്രമ പദ്ധതികളാണ് സംഘ്പരിവാര്‍ പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ ഇന്നലത്തെ ഹര്‍ത്താലിനെ ജനങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ജനങ്ങള്‍ കൂട്ടമായി എതിര്‍ത്തപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെടുന്നതു കണ്ടു. സംഘടിതമായി ചെറുത്താല്‍ തീരാവുന്ന വീരശൂര പരാക്രമങ്ങള്‍ മാത്രമെ ബി ജെ പിക്കും ആര്‍ എസ് എസിനും ഉള്ളൂവെന്ന് ഇതോടെ ജനങ്ങള്‍ക്കു മനസ്സിലാകുകയും ചെയ്തു. ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി ഇറക്കിയിട്ടില്ല. അവര്‍ സ്വമേധയാ വന്നതാണ്. അവര്‍ക്കു സംരക്ഷണം നല്‍കുക മാത്രമാണ് പോലീസ് ചെയ്തത്. ഇനിയും ഏതു സ്ത്രീ വന്നാലും സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണ്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ പോലും അനുസരിക്കാത്തവരാണ് ഇവിടുത്തെ കോണ്‍ഗ്രസുകാരെന്നും പിണറായി പറഞ്ഞു.