കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ രണ്ടാഴ്ചക്കകം തുറന്നുകൊടുക്കും

Posted on: January 4, 2019 6:36 pm | Last updated: January 4, 2019 at 11:08 pm

കോഴിക്കോട്: കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര ടെര്‍മിനൽ രണ്ടാഴ്ചക്കുള്ളില്‍ തുറന്നുകൊടുക്കും. അന്താരാഷ്ട്ര ആഗമന ടെര്‍മിനലാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം. എന്നാല്‍ ഇതിനെതിരെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം അടക്കം സംഘടനകള്‍ രംഗത്ത് വന്നുകഴിഞ്ഞു.

112000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. വിശാമലായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്ന് എയ്‌റോ ബ്രിഡ്ജ്, രണ്ട് എസ്‌കലേറ്ററുകള്‍, മൂന്ന് ലിഫ്റ്റുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒരു ട്രാന്‍സിറ്റ് ലോഞ്ചും, പ്രയര്‍ ഹാളും വിശാലമായ ടോയ്‌ലറ്റ് സൗകര്യവും പുതിയ ടെര്‍മിനലില്‍ ഉണ്ട്. സ്‌പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത എയ്‌റോ ബ്രിഡ്ജുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ ടെര്‍മിനലിന് സാധിക്കും. 120 കോടി രൂപ മുടക്കിയാണ് ടെര്‍മിനല്‍ പൂര്‍ത്തീകരിച്ചത്.

പുതിയ ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങോടുകൂടി തുറക്കണമെന്ന് ആവശ്യപ്പെട്ടതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ജനറല്‍ സെക്രട്ടറി കെ സെയ്ഫുദ്ദീന്‍ സിറാജ് ലൈവിനോട് പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നാടിന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും അത് ആഘോഷപൂര്‍വം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.