മൃതദേഹം തൂക്കി നിരക്ക് നിശ്ചയിച്ചിരുന്ന രീതി എയര്‍ ഇന്ത്യ നിര്‍ത്തലാക്കി; ഇനി ഏകീകൃത നിരക്ക്

Posted on: January 4, 2019 6:05 pm | Last updated: January 5, 2019 at 9:00 am

ന്യൂഡല്‍ഹി: ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് തൂക്കം നോക്കി ചാര്‍ജ് നിശ്ചയിച്ചിരുന്ന രീതി എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. പകരം ഇന്ത്യയില്‍ എവിടേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ഇനി നിശ്ചിത തുക നല്‍കിയാല്‍ മതി.

യുഎഇയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹമാണ് പുതിയ നിരക്ക്. ഒമാനില്‍ നിന്ന് 160 ഒമാനി റിയാല്‍, കുവൈത്തില്‍ നിന്ന് 175 കുവൈത്തി ദിനാര്‍, സഊദിയില്‍ നിന്ന് 2200 റിയാല്‍, ബഹ്‌റൈനില്‍ നിന്ന് 225 ബഹ്‌റൈനി ദിനാര്‍, ഖത്തറില്‍ നിന്ന് 2200 ഖത്തരി റിയാല്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ നിരക്ക്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കില്‍ നിരക്കിന്റെ 50 ശതമാനം നല്‍കിയാല്‍ മതി.

മൃതദേഹം തൂക്കം നോക്കി നിരക്ക് നിശചയിച്ചിരുന്ന രീതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ യുഎഇയിലെ മലയാളികള്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇടക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്കിൽ എയർ ഇന്ത്യ 50 ശതമാനം ഇളവ് നൽകിയിരുന്നു. പിന്നീട് ഇതു‌ നിർത്തലാക്കുകയാണുണ്ടായത്.