മോദിയുടെ ജീവിതം സിനിമയാകുന്നു; ഗുജറാത്ത് കലാപം ഉള്‍പ്പെടെത്തുമോയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

Posted on: January 4, 2019 5:45 pm | Last updated: January 4, 2019 at 5:45 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു. പിഎം നരേന്ദ്ര മോദിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒമുംഗ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി നടന്‍ വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. 23 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേരികോ, സരബ്ജിത് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഒമുംഗ് കുമാര്‍.

ജനുവരി ഏഴിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടും. അതിന് പിന്നാലെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ വെള്ളപൂശാന്‍ വേണ്ടിയാണ് ചിത്രമൊരുക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സിനിമയില്‍ ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്.

നേരത്തെ, മോദിയേയും ബിജെപിയേയും തുറന്നുകാട്ടാന്‍ വേണ്ടി നരേന്ദ്ര മോദിയെ കുറിച്ച് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു. ‘കാവല്‍ക്കാരന്‍ കള്ളനാണ’് എന്നായിരിക്കും സിനിമയുടെ പേരെന്നും മേവാനി പറഞ്ഞിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ പരാജയമായ മോദി വാചക കസര്‍ത്തു കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നതെന്നും മേവാനി പറഞ്ഞു.

മോദിയെക്കുറിച്ചുള്ള സിനിമ ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്നും ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം നേടുമെന്നും മേവാനി പരിഹസിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ടീയ ജീവിതം ആസ്പദമാക്കിയുള്ള ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമ വലിയ ചര്‍ച്ചക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു മേവാനിയുടെ പരിഹാസം.