ഇവിടെ ഇങ്ങനെയാണ്‌

Posted on: January 4, 2019 5:05 pm | Last updated: January 4, 2019 at 5:09 pm


മിലിംഗിംബി ദ്വീപില്‍ എത്തിയപ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നു, അവരുടെതായ ലോകത്തേക്ക് പുറമെ നിന്നുള്ള ഒരാളെ എങ്ങനെയായിരിക്കും വരവേല്‍ക്കുക എന്നതായിരുന്നു ആശങ്കയുടെ അടിസ്ഥാനം. ഇന്ത്യയില്‍ നിന്നാണെന്നും നിങ്ങളെപ്പോലെയുള്ളവര്‍ നാട്ടിലുണ്ടെന്നും പറഞ്ഞപ്പോള്‍ ആദിമവാസി ഗോത്രത്തില്‍ പെട്ട പ്രായമുള്ള സ്ത്രീയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. വളരെ വാത്സല്യത്തോടെ അവരെന്നോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളില്‍ ഒരാളാണ്. നമ്മള്‍ ബന്ധുക്കളാണ്. എന്നെ അമ്മയെന്നു വിളിക്കണം, ആ പ്രായമുള്ള സ്ത്രീ പല ബന്ധുക്കളെയും എന്നെ പരിചയപ്പെടുത്തി തന്നു. തന്റെ കൂടെയുള്ള മറ്റു സഹപ്രവര്‍ത്തകര്‍ക്ക് കിട്ടാത്ത ഒരു ആദരവ് അവര്‍ തനിക്ക് തന്നതില്‍ അത്ഭുതമൊന്നും തോന്നിയില്ല. കുടിയേറ്റക്കാരായ ആസ്‌ത്രേലിയന്‍ വെള്ളക്കാരോടുള്ള കറുത്തവന്‍ എന്ന് മുദ്രകുത്തപ്പെട്ട് സമൂഹത്തില്‍ മാറ്റിനിര്‍ത്തിയവന്റെ മധുരപ്രതികാരം മാത്രമായിട്ടാണ്് തോന്നിയത്. ഇന്ത്യയെന്ന രാജ്യത്തെ പൂര്‍ണമായും അറിഞ്ഞവരാണ് ഇവര്‍. ആസ്‌ത്രേലിയക്ക് പുറത്തേക്ക് അവര്‍ ചുരുക്കം മാത്രമാണ് സഞ്ചരിച്ചിട്ടുണ്ടാകുക. ചിലപ്പോള്‍ അവര്‍ അവരുടെ ദ്വീപസമൂഹം വിട്ട് ആസ്‌ത്രേലിയലിലെ മറ്റ് പ്രദേശങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടാകില്ല.
ആസ്‌ത്രേലിയയില്‍ എത്തുന്നു
കോട്ടയം ജില്ലയിലെ കല്ലറയെന്ന ഗ്രാമത്തില്‍ നിന്ന് 2001ല്‍ ആസ്‌ത്രേലിയയിലെ ബ്രിസ്ബണിലേക്ക് ഭാര്യ സെലിനുമൊപ്പം കുടിയേറിയപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ആസ്‌ത്രേലിയയിലെ ആദിമമനുഷ്യരായ ജനങ്ങളുടെ ഇടയിലേക്ക് എത്തിപ്പെടുമെന്ന്. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്ലന്‍ഡിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍നിന്നും മാസ്റ്റര്‍ ഓഫ് ഓഡിയോളജി സ്റ്റഡീസ് 2006ല്‍ പൂര്‍ത്തിയാക്കി. പിന്നീട് ഭാര്യയുമൊത്ത് ആസ്‌ത്രേലിയയില്‍ തന്നെ ഓഡിയോളജിസ്റ്റായി സേവനം അനുഷ്ഠിച്ച ശേഷം 2013ല്‍ കേരളത്തിലേക്ക് തിരിച്ചുപോരാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കോട്ടയം നഗരത്തില്‍ തന്നെ സ്വന്തമായി ഒരു ഓഡിയോളജി സ്ഥാപനം ആരംഭിച്ചു. ഇന്‍േഡാ ആസ്‌ത്രേലിയന്‍ ഹിയറിംഗ് സെന്റര്‍ അങ്ങനെ പിറവിയെടുത്തു. 2016ല്‍ ഓഡിയോളജി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആസ്‌ത്രേലിയയിലേക്ക് വന്നതാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിന് കാരണമായത്. കോണ്‍ഫറന്‍സില്‍ വെച്ചാണ് ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് ആസ്‌ത്രേലിയന്‍ ആദിവാസി വിഭാഗങ്ങളുടെ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആദിവാസി ഗോത്രത്തില്‍പെട്ട 21 വയസ്സുവരെയുള്ള ആളുകള്‍ക്കിടയിലെ കേള്‍വി സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കോടികള്‍ മുടക്കി ഗവണ്‍മെന്റ് നടത്തുന്ന ഒരു പദ്ധതിയുടെ ഭാഗമായിത്തീരുകയായിരുന്നു.
ആദിവാസി
സമൂഹങ്ങളിലേക്കുള്ള യാത്ര
അബോര്‍ജിനല്‍ സമൂഹത്തിലേക്ക് ഒരു വര്‍ഷത്തോളം ഏകദേശം മുപ്പതോളം യാത്രകള്‍ നടത്തേണ്ടിവരും. അവിടെ എത്തിയാല്‍ ആ സമൂഹത്തിനിടയില്‍ നാല് ദിവസം മുതല്‍ അഞ്ച് ദിവസം വരെ താമസിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്. സ്‌നേഹമുള്ള ജനങ്ങളാണ് ആ ആദിമമനുഷ്യര്‍. ഇന്ത്യയില്‍നിന്നാണ് എന്ന് പറയുമ്പോള്‍ തന്നെ സഹോദരാ, സഹോദരി എന്ന് സംബോധനയോടെയാണ് അവര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ആ സ്‌നേഹവും ബഹുമാനവും അവര്‍ക്ക് വെള്ളക്കാരോടില്ല. അതിന്റെ പ്രധാനകാരണം വെള്ളക്കാര്‍ ചൂഷകരായിരുന്നു എന്നതു തന്നെ. ചൂഷണം ഭയന്ന് ഉള്‍ക്കാടുകളിലേക്ക് കൂട്ടമായി പാലായനം ചെയ്ത് ധാരാളം ആദിവാസി സമൂഹങ്ങള്‍ ഉണ്ട്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും അബോര്‍ജിനല്‍ സമൂഹത്തിലേക്ക് എത്താന്‍ ചെറിയ വിമാനങ്ങളുടെ സഹായം ആവശ്യമായി വരും. കൊമോഴ്ഷ്യല്‍ വിമാനങ്ങളുടെ സേവനം ലഭ്യമല്ലാത്തതാണ് അതിന് കാരണം. ഓഡിയോളജിസ്റ്റുകളും സ്‌പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഒരു സംഘം തന്നെയാണ് യാത്രയിലുള്ളത്. സംഘത്തിലുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി രണ്ട് എന്‍ജിനുള്ള ചെറുവിമാനങ്ങളിലാണ് യാത്ര. ആസ്‌ത്രേലിയയിലെ അബോര്‍ജിനല്‍ വിഭാഗത്തിന് 600 വര്‍ഷത്തെ ചരിത്രമുണ്ട്. ആസ്‌ത്രേലിയയില്‍ നൂറില്‍ പരം അബോര്‍ജിനല്‍ കമ്യൂണിറ്റികള്‍ ഉണ്ട്. അവിടെയുള്ള ജനസംഖ്യ നൂറ് മുതല്‍ ആയിരം വരെയാകാം. അവരില്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങളും വിവിധ ഭാഷ സംസാരിക്കുന്നവരും ഉണ്ടായിരുന്നു. ഓരോ ആദിവാസിവിഭാഗവും ഒരു നേതാവിന്റെ കീഴില്‍ ഒരു സമൂഹമായാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് സമൂഹവുമായി അവര്‍ ബന്ധപ്പെട്ടിരുന്നില്ല. സ്ത്രീകള്‍ കുടുംബകാര്യങ്ങള്‍ നോക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ആവശ്യത്തിന് അനുസരിച്ച് അവന്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥത്തേക്ക് കൂട്ടമായി പലായനം ചെയ്തുകൊണ്ടിരുന്നു.


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ സെന്റിനലീസിനെപ്പോലെ അമ്പും കമ്പും കൊണ്ട് സംരക്ഷണവലയം സ്വീകരിക്കുന്ന ഒരു ജനതയായിരുന്നു ഇവരും. എല്ലാ ആദിവാസി സമൂഹത്തിനും അവരുടെ ഇടയില്‍ നിന്നുള്ള ഏറ്റവും പ്രായം ചെന്ന പുരുഷന്‍മായിരുന്നു അവരുടെ തലവന്‍. അയാള്‍ക്കായിരിക്കും തീരുമാനങ്ങള്‍ എടുക്കുന്നതിനും നിയമങ്ങള്‍ നടത്തുന്നതിനും അധികാരം. ആസ്‌ത്രേലിയലിലെ അബോര്‍ജിനല്‍ സമൂഹത്തിനും അവരുടേതായ ഗോത്ര സംസ്‌കാരവും നിയമങ്ങളും ഉണ്ടായിരുന്നു. മറ്റ് ദ്വീപുകളില്‍ താമസിക്കുന്ന ഗോത്രങ്ങളുമായി അവര്‍ വ്യാപാരബന്ധം നടത്തിയിരുന്നു. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കൊടുക്കല്‍ വാങ്ങലുകളാണ് ഓരോ സമൂഹവും നടത്തിയിരുന്നത്.
200 വര്‍ഷങ്ങള്‍ക്ക് മുമ്പ്് ആസ്‌ത്രേലിയയില്‍ സ്വരവിഹാരം നടത്തിയിരുന്ന നൂറുകണക്കിന് ട്രൈബല്‍ സമൂഹത്തിന്റെ അന്തകനായി ആസ്‌ത്രേലിയയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജയിംസ് കുക്ക് കാലുകുത്തിയതോടെ അബോര്‍ജിനല്‍ ഗോത്രങ്ങളുടെ കഷ്ടകാലം ആരംഭിച്ചു. കുടിയേറ്റക്കാരായ വെള്ളക്കാര്‍ ആദ്യ കാലങ്ങളില്‍ നൂറുകണക്കിന് ആദിവാസികളെയാണ് കൊന്നൊടുക്കിയത്. അവരുടെ അമ്പുകള്‍ക്ക് വെള്ളക്കാരന്റെ തോക്കുകളോട് മല്ലടിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവര്‍ക്കിടയിലെ ആരോഗ്യവാന്മാരായ പുരുഷന്മാരെ ചങ്ങലയ്ക്കിടുകയും കൊന്നുതള്ളുകയും ചെയ്തതോടെ ആദിവാസികള്‍ക്ക് പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കറുത്ത അബോര്‍ജിനല്‍ വിഭാഗത്തെ മൃഗങ്ങളെപ്പോലെയാണ് വെള്ളക്കാര്‍ കണ്ടത്. മൃഗങ്ങളെ കൊന്നുതള്ളുന്നതുപോലെ ആദിവാസികളെ അവര്‍ കൊന്നുതള്ളി. ആസ്‌ത്രേലിയയുടെ വടക്കന്‍ മേഖലയില്‍ മാത്രമാണ് ആദിവാസികള്‍ക്ക് വെള്ളക്കാരന്റെ പീഡനത്തിന് ഇരയാകാതെ ജീവിക്കാന്‍ സാധിച്ചത്. ഈ മേഖലയുടെ വിശാലതയും അവിടുത്തെ ആദിവാസി സമൂഹങ്ങളുടെ ആവാസ സ്ഥലങ്ങളിലേക്ക് വെള്ളക്കാര്‍ക്ക് എത്തിെപ്പടാനുണ്ടായ ബുദ്ധിമുട്ടുകളുമാണ് അതിന് കാരണം.
പേടിപ്പെടുത്തുന്ന
ആകാശ സഞ്ചാരം
ആദിമമനുഷ്യരുടെ ഇടയിലേക്കുള്ള യാത്രയില്‍ എന്നെ ഏറെ പേടിപ്പെടുത്തിയത് ചെറുവിമാന യാത്രയാണ്. ഈ ചെറിയ വിമാനങ്ങള്‍ക്ക് 9000 അടിയില്‍ കൂടുതല്‍ പറക്കാന്‍ സാധിക്കില്ല. മഴക്കാലത്ത് കാര്‍മേഘങ്ങള്‍ ഏകദേശം വിമാനം പറക്കുന്ന ഉയരത്തില്‍തന്നെയാകും മൂടിക്കെട്ടി നില്‍ക്കുന്നത്. കാര്‍മേഘങ്ങളില്‍നിന്നും വിമാനത്തെ ഒഴിവാക്കി പറപ്പിക്കാന്‍ പൈലറ്റ് ശ്രമിക്കാറുണ്ടെങ്കിലും അത് പലപ്പോഴും വിഫലമായിപ്പോകും. മേഘത്തിനിടയിലേക്ക് കയറുമ്പോള്‍ ചെറിയ കുലുക്കം പോലും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. കുലക്കം കൂടുമ്പോള്‍ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുമോ എന്ന ഭയമാണ് മനസ്സില്‍.
ബന്ധുക്കള്‍?
ആദ്യം അബോര്‍ജിനല്‍ മനുഷ്യരെ കണ്ടപ്പോള്‍ ഇന്ത്യക്കാരുമായി സാമ്യമുണ്ട് എന്നാണ് തോന്നിയത്. അവരുടെ സംസ്‌കാരവും ഇന്ത്യക്കാരുമായി സാമ്യമുള്ളതുപോലെ തോന്നിയിട്ടുണ്ട്. മരണാനന്തര കര്‍മങ്ങളിലെ ആഘോഷങ്ങളും തമിഴ് ജനതയുടേത് പോലെ തോന്നി. ആഘോഷമല്ലെങ്കിലും ദുഃഖത്തോടുകൂടിയ അന്തരീക്ഷത്തിലുള്ള പാട്ടും നൃത്തവും അബോര്‍ജിനല്‍ മനുഷ്യരും നടത്താറുണ്ട്. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മിലിംഗംബി എന്ന ദ്വീപിലെ വാളന്‍ പുളി മരങ്ങളും ഇന്ത്യക്കാരുടെ ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നു. ദ്വീപിലുള്ളവര്‍ക്ക് മക്കാസിന്‍സ് എന്ന ഇന്തോനേഷ്യയുടെ ഭാഗമായ പ്രദേശത്തുള്ള ആളുകളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. അതിന്റെ തെളിവാണ് ആജാനുബാഹുക്കളായ വാളന്‍പുളി മരങ്ങള്‍. റുപയ എന്ന വാക്കും അവിടുത്തെ ജനങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ വെള്ളക്കാരായ കുടിയേറ്റക്കാര്‍ക്കുമുമ്പ് തന്നെ ഇവിടെ ഇന്ത്യന്‍ സാമീപ്യം ഉണ്ടായിരുന്നുവെന്ന് തോന്നി.
മാറ്റത്തിന്റെ
പുതുതലമുറക്കാര്‍
മദ്യവും പുകയിലയും പഞ്ചസാരയും ഉപയോഗിച്ചിട്ടില്ലാത്ത ആസ്‌ത്രേലിയന്‍ ആദിമവാസികളില്‍ അത് കൊണ്ടുവന്നത് വെള്ളക്കാരാണ്. വെള്ളക്കാര്‍ ആദിവാസികള്‍ താമസിച്ചിരുന്ന ശുദ്ധജലമുള്ള സ്ഥലങ്ങളില്‍ പശു ഫാമുകള്‍ സ്ഥാപിച്ചു. കൂലിയായി ആദിവാസികള്‍ക്ക് പുകയിലയും പഞ്ചസാരയുമാണ് വെള്ളക്കാര്‍ നല്‍കിയത്. അവരെ അടിമകളെ പോലെ പണിയെടുപ്പിച്ചു. എന്നാല്‍ വെള്ളക്കാരന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടി കാല്‍ക്കിരിഞ്ചി എന്ന സ്ഥലത്ത്് ആദ്യമായി ആദിവാസികള്‍ കൂട്ടത്തോടെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ ജോലികളില്‍ നിന്ന് പിന്തിരിഞ്ഞു സമരം നടത്തി.
വെള്ളക്കാരും ക്രിസ്ത്യന്‍ മിഷണറിമാരും അബോര്‍ജിനല്‍ ജീവിത രീതികളില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്തിയതോടെ ചരിത്രത്തിലെ ആ ആദിമമനുഷ്യരുടെ പൂര്‍ണത നഷ്ടമാകുകയായിരുന്നു. വേട്ടയാടലും മത്സ്യബന്ധനവും മാത്രം ശീലിച്ച വിഭാഗത്തെ വെള്ളക്കാരുടെ ജോലികള്‍ക്കായി അടിമകളെപ്പോലെ ഉപയോഗിക്കുകയും പണത്തിന് പകരം പുകയില നല്‍കുകയും ചെയ്തതോടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഇവര്‍ക്കിടയില്‍ രൂപമെടുത്തിരിക്കുന്നത്. പുകവലിയാണ് ഇപ്പോള്‍ ഇവരുടെ പ്രധാന വിനോദം. കൊക്കക്കോള സംസ്‌കാരവും വളര്‍ത്തി എടുത്തത്തോടെ അമിത പഞ്ചാസാരയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വര്‍ധിക്കുകയും മുട്ടിന് മുകളിലേക്ക് കല്‍ മുറിച്ച് മാറ്റേണ്ട സ്ഥിതിയും ഉണ്ടായത് നിരവധി ആദിവാസികള്‍ക്കാണ്. മദ്യപാനം വര്‍ധിച്ചതോടെ കുടുംബങ്ങളില്‍ കലഹം രൂപപ്പെടാനും തുടങ്ങി.
ആദിവാസികളുടെ വികസനത്തിനായി സര്‍ക്കാര്‍ പണം നല്‍കാന്‍ ആരംഭിച്ചതോടെ അവര്‍ അലസന്മാരായി മാറി. ജോലി ചെയ്യാതെ സര്‍ക്കാര്‍ നല്‍കുന്ന പണം അവകാശമായി പലരും കാണാന്‍ തുടങ്ങി. കിട്ടുന്ന പണം ചീട്ടുകളിച്ച് കളയാനും തുടങ്ങി.
ഇംഗീഷ് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ ഫലമായാണ് വിദ്യാലയങ്ങള്‍ ഉയര്‍ന്നത്. വിദ്യാഭ്യാസം നല്‍കാന്‍ സ്‌കൂളുകള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ണമായിട്ടില്ല. ഇവര്‍ക്കിടയില്‍ തന്നെ വിദ്യാസമ്പന്നരായ ആളുകള്‍ ഉണ്ട്. വിദ്യാഭ്യാസവും തിരിച്ചറിവും പഴയ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവരായ പുതിയ അബോര്‍ജിനല്‍ വിഭാഗങ്ങളെ രൂപമെടുത്തിക്കഴിഞ്ഞു. സ്വന്തം കുടുംബത്തിന്റെ ശീലങ്ങളോട് പൊരുത്തപ്പെടാനാകാതെ ഈ വിദ്യാസമ്പന്നര്‍ തങ്ങളുടെ സമൂഹത്തില്‍നിന്നും വേര്‍തിരിഞ്ഞ് താമസിക്കുകയും ചെയ്യുന്നു.
നാല് മുതല്‍ അഞ്ച് ദിവസം വരെ അബോര്‍ജിനല്‍ സമൂഹത്തിന്റെ ഇടയില്‍ താമസിച്ച് ജോലി ചെയ്യണം. ജോലിക്ക് ശേഷമുള്ള വൈകുന്നേരങ്ങളില്‍ പുറത്തേക്ക് ഇറങ്ങിനടക്കും. ഇത്തരം അവസരങ്ങളിലാണ് ജനങ്ങളോട് സംവദിക്കാനും അവരുടെ കാഴ്ചപ്പാടുകളും ജീവിതവും മനസ്സിലാക്കാനും കഴിഞ്ഞത്. ആദിവാസി സമൂഹം താമസിക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിവിധ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും അതെല്ലാം പൂര്‍ണമായി അവര്‍ ഉപയോഗപ്പെടുത്താറില്ല. പലപ്പോഴും ആശുപത്രികളില്‍ വരികയും ചെയ്യില്ല.
പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ് അവര്‍. സര്‍ക്കാര്‍ വീടുവെച്ചുകൊടുത്തിട്ടുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ് ഇവര്‍. പ്രകൃതിയെ അന്യായമായി ചൂഷണം ചെയ്യാറില്ല. ആവശ്യത്തിന് മീന്‍, ആമ, കാട്ടു പോത്ത് മുതലായവയെ പിടിച്ച് പാകം ചെയ്ത് പങ്ക് വെച്ച് കഴിക്കുന്ന രീതിയാണ് ഇവര്‍ക്കുള്ളത്. ഭൂമിയുടെ അവകാശി എന്നതിനു പകരം ഭൂമിയുടെ കാവല്‍ക്കാരാണ് അവര്‍. ഇന്നത്തെ സമൂഹത്തിലെ സ്വാര്‍ഥരായ ജനതയെ വെച്ചുനോക്കുമ്പോള്‍ ഈ ആദിമമനുഷ്യന്‍ എത്രമാത്രം കരുതലുള്ളവരാണ്.