Connect with us

National

റാഫേല്‍ ഇടപാട്: കൊണ്ടും കൊടുത്തും രാഹുലും നിര്‍മലാ സീതാരാമനും

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ലോക്‌സഭയിലും പുറത്തും കൊണ്ടും കൊടുത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും. റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റാഫേല്‍ ഇടപാട് സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കുക വഴി മോദി ദേശസുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ ആരോപിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് ഉദ്ധരിച്ചാണ് രാഹുലിന്റെ ആവശ്യം.

കോണ്‍ഗ്രസ് ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കി. പ്രശ്‌നക്കാരായ അയല്‍ക്കാര്‍ ഉള്ളപ്പോള്‍ സമയത്തിന് പടക്കോപ്പുകള്‍ വാങ്ങേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. രാജ്യസുരക്ഷയാണ് തങ്ങളുടെ ആദ്യത്തെ മുന്‍ഗണന. എച്ച്എഎല്ലിനെ ശക്തിപ്പടുത്താന്‍ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ആരാണ് അധികാരത്തിലുള്ളതെന്നല്ല ദേശീയ സുരക്ഷയാണ് പ്രധാനം. തങ്ങള്‍ വസ്തുതകളില്‍നിന്ന് ഓടിയൊളിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിന് വസ്തുതകളെ ഭയമാണ്. റഫാല്‍ കരാര്‍ യുപിഎ സര്‍ക്കാര്‍ എന്തിനാണ് വൈകിപ്പിച്ചതെന്നും ഇത് രാജ്യസുരക്ഷയെ ഇത് അപകടത്തിലാക്കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ലോക്‌സഭയില്‍ പിന്നീട് സംസാരിച്ച രാഹുല്‍ പ്രതിരോധ മന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു. അനില്‍ അംബാനിയെ ഈ ഇടപാടിലേക്ക് കൊണ്ടുവന്നത് ആര്, 126 വിമാനങ്ങള്‍ എന്നത് 36 വിമാനങ്ങള്‍ എന്നതിലേക്ക് ചുരുക്കിയത് ആര്, അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ബൈപ്പാസ് ശസ്ത്രക്രിയ ആണെന്ന് രാഹുല്‍ ആരോപിച്ചു. ഇതിന് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നോ എന്നും രാഹുല്‍ ചോദിച്ചു. അനില്‍ അംബാനിയെ ഇടപാടിലേക്ക് കൊണ്ടുവന്നത് മോദിയാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. വില രഹസ്യമാക്കി വെക്കേണ്ടതില്ല എന്ന് ഇമ്മാനുവല്‍ മക്രോണ്‍ തന്നോട് പറഞ്ഞു എന്ന മുന്‍ പ്രസ്താവന രാഹുല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

Latest