കരോള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവം; കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

Posted on: January 4, 2019 3:15 pm | Last updated: January 4, 2019 at 3:15 pm

കോട്ടയം: പാത്താമുട്ടത്ത് ക്രിസ്മസ് കരോള്‍ സംഘം അക്രമികളെ ഭയന്ന് പള്ളിയില്‍ അഭയം തേടിയ സംഭവത്തില്‍ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. കോട്ടയം കലക്ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘര്‍ഷം. കല്ലേറിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം കടത്തിവിടാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസും പ്രവര്ത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാപന സമ്മേളനത്തനിടെയാണ് സംഭവം. കരോള്‍ സംഘത്തെ അക്രമിച്ചവര്‍ക്ക് ജാമ്യം ലഭിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെഇടപെടലിനെത്തുടര്‍ന്നാണെന്ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. സംഭവസമയത്ത് പ്രതികള്‍ ആശുപത്രിയിലാണെന്ന് വ്യാജരേഖയുണ്ടാക്കിയാണ് ജാമ്യം നേടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.