പൂജാര, പന്ത്, ജഡേജ… ! സിഡ്‌നിയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: January 4, 2019 1:14 pm | Last updated: January 4, 2019 at 2:22 pm

സിഡ്‌നി: ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ… സിഡ്‌നിയില്‍ ബാറ്റ് കൊണ്ട് മിന്നിയ മൂവര്‍ സംഘത്തിന്റെ പ്രകടനത്തിന്റെ മികവില്‍ ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഏഴ് വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.

ചേതേശ്വര്‍ പൂജാരക്ക് ഏഴ് റണ്‍സ് അകലെ ഇരട്ട സെഞ്ച്വറി നഷ്ടമായത് ക്രിക്കറ്റ് പ്രേമികളില്‍ നിരാശയുണ്ടാക്കിയെങ്കിലും പന്ത് തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ആ നിരാശ മാറ്റി. 189 പന്തില്‍ 15 ബൗണ്ടറിയും സിക്‌സും സഹിതം 159 റണ്‍സ് നേടിയ പന്ത് പുറത്താകാതെ നിന്നു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പന്ത് നേടിയത്. 114 പന്തില്‍ ഏഴ് ബൗണ്ടറിയും സിക്‌സും സഹിതം രവീന്ദ്ര ജഡേജ 81 റണ്‍സ് നേടി. ആസ്‌ത്രേലിയക്കെതിരെ ജഡേജയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

പന്തും ജഡേജയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 42 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. നഥാന്‍ ലിയോണാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റും പോക്കറ്റിലാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയിലാണ്. മാര്‍ക്കസ് ഹാരിസ് (19), ഉസ്മാന്‍ ഖവാജ (അഞ്ച്) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 598 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.