Connect with us

National

'കശ്മീരില്‍ അവരെ വെടിവെക്കും; കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന് വിളിക്കും'; സംഘപരിവാര്‍ അക്രമത്തെ തുറന്നുകാട്ടി ടെലഗ്രാഫ്

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനേയും സംഘപരിവാര്‍ സംഘടനകളേയും രൂക്ഷമായി വിമര്‍ശിക്കുകയും കൗതുകകരമായ തലക്കെട്ടുകളിലൂടെ പരിഹാസ ശരങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്ന ദി ടെലഗ്രാഫ് പതിവ് തെറ്റിച്ചില്ല. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും നടത്തിയ അക്രമത്തെ തുറന്നുകാട്ടുന്നതാണ് ഇന്നിറങ്ങിയ ദി ടെലഗ്രാഫ്. പോലീസിന് നേരെ കല്ലെറിയുന്ന സംഘപരിവാര്‍ അക്രമികളുടെ ചിത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചു. “കശ്മീരില്‍ വെടിവച്ച് കൊല്ലും, കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന് വിളിക്കും” എന്നാണ് ചിത്രത്തിന് തലക്കെട്ടായി ടെലഗ്രാഫ് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലുള്ള ടെലഗ്രാഫിന്റെ അസോ. എഡിറ്റര്‍ കെ എം രാകേഷിന്റെ ബൈ ലൈനിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഹര്‍ത്താലില്‍ പാലക്കാട് പോലീസിന് നേരെയുണ്ടായ കല്ലേറിന്റെ ചിത്രമാണ് ടെലഗ്രാഫ് ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് എതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്‍ എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.

കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും മോദിയെയും സംഘപരിവാറിന്റെ അക്രമങ്ങളെയും ഇതിനു മുന്‍പും ടെലഗ്രാഫ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ പത്ത് അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മോദിയുടെ ചിത്രത്തോടൊപ്പം സ്നൂപ്പേന്ദ്ര ലോഗ്സ് ഇന്‍ എന്ന തലക്കെട്ടായിരുന്നു ടെലഗ്രാഫ് നല്‍കിയത്. കഴിഞ്ഞ മാസം, ഹിന്ദി മേഖലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി നേരിട്ടപ്പോള്‍ ചക്രവര്‍ത്തിയുടെ മൂക്ക് ഇടിച്ചുപൊളിച്ചു-(എംപറേഴ്സ് നോസ് സ്മാഷ്ഡ്) എന്നായിരുന്നു ടെലഗ്രാഫിന്റെ തലക്കെട്ട്.

പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ കേരളത്തിലെ ക്രൈസിസ് മാനേജര്‍ എന്നായിരുന്നു അന്ന് ടെലഗ്രാഫ് വിശേഷിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പത്രത്തിന്റെ മുഖ്യതലക്കെട്ട് “വീരപ്പന്‍ ടെസ്റ്റ് ടുഡെ” എന്നായിരുന്നു.

Latest