ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയെന്ന് സര്‍ക്കാര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 4, 2019 12:26 pm | Last updated: January 4, 2019 at 1:07 pm

ശബരിമല: ശ്രീലങ്കന്‍ സ്വദേശിയായ ശശികലെ സന്നിധാനത്തെത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാറും പോലീസും. ഇതിന് പിന്നാലെ ശശികല സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല. പതിനെട്ടാം പടിക്കരികിലെത്തിയ തന്നെ പോലീസ് നിര്‍ബന്ധിച്ച് മടക്കി അയച്ചുവെന്ന് ശശികല ആരോപിച്ചിരുന്നു.

ശശികലയും , ഭര്‍ത്താവ് ശരവണമാരനും മകനുമൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. ശശികല ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിശ്വാസികളായ സംഘം ദര്‍ശനം നടത്തി മടങ്ങിയെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. എന്നാല്‍ ശശികല ദര്‍ശനം നടത്തിയിട്ടില്ലെന്നും പ്രതിഷേധം ഭയന്ന് ശരംകുത്തിയില്‍വെച്ച് മടങ്ങിയെന്നാണ് ഭര്‍ത്താവ് ശരവണമാരന്‍ സന്നിധാനത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ പോലീസ് നിര്‍ബന്ധിച്ച് മടക്കി അയച്ചുവെന്ന് ശശികലയും ആരോപിച്ചു. താന്‍ അയ്യപ്പ വിശ്വാസിയാണ്. വ്രതമെടുത്ത് മാലയിട്ടാണ് വന്നത്. ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം ഒഴിവാക്കിയിട്ടുണ്ട്. അതിനാലാണ് വ്രതമെടുത്ത് ദര്‍ശനത്തിന് വന്നതെന്നും ശശികല പറഞ്ഞിരുന്നു.