അത് കേരളത്തില്‍ മതി; ഇവിടെ വേണ്ട, പാര്‍ലിമെന്റിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയയുടെ താക്കീത്

Posted on: January 4, 2019 12:00 pm | Last updated: January 4, 2019 at 12:51 pm

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പാര്‍ലിമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ ശാസന. സ്ത്രീ പ്രവേശനത്തിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കേരളത്തില്‍ നടത്തിയ കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലിമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച എംപിമാരെയാണ് സോണിയാ ഗാന്ധി താക്കീത് ചെയ്തത്.

ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്നും ഇതൊരു പ്രാദേശിക രാഷ്ട്രീയ പ്രശ്നമാണെന്നും അതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ കേരളത്തില്‍ മാത്രം മതിയെന്നും സോണിയ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നും സ്ത്രീ സമത്വവും അവകാശവും സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്രസ് നിലപാടെന്നും സോണിയ പറഞ്ഞു. പാര്‍ലിമെന്റില്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിച്ചപ്പോള്‍ വിലക്കിയെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം പി മാര്‍ക്ക് അനുമതി നല്‍കി.

ഇതോടെ, ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ടു പോയി. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീപ്രവേശനം തടയുന്നതിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് എംപിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഓര്‍ഡിനന്‍സ് സംബന്ധിച്ച ആവശ്യമുന്നയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ഇന്നലെ കെപിപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സോണിയ ഗാന്ധി ഒരു തരത്തിലും ഉള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് കോണ്‍ഗ്രസ്സ് എംപി മാര്‍ അവകാശപ്പെട്ടു. നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.