പത്തനംതിട്ടയില്‍ വ്യാപക അക്രമം ; സിപിഎം സെക്രട്ടറിയേറ്റ് അംഗത്തിന്റേതടക്കം അമ്പതോളം വീടുകള്‍ തകര്‍ക്കപ്പെട്ടു

Posted on: January 4, 2019 10:37 am | Last updated: January 4, 2019 at 12:01 pm

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ അരങ്ങേറിയ അക്രമങ്ങള്‍ തുടരുന്നു. അടൂരില്‍ വടക്കത്ത് കാവ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഡി ബൈജുവിന്റെ വീടും സഹോദരന്‍ ബൈജുവിന്റെ വീടും ഏറത്ത് ഗ്രാമപഞ്ചായത്തംഗം ടിഡി സജിയുടെ വീടും ആക്രമിക്കപ്പെട്ടു.

പത്തോളം ഇരുചക്രവാഹനങ്ങളിലെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. വെളളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. വീടിന്റെ വാതിലുകള്‍ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് ബൈജു ആരോപിച്ചു. അടൂരില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. അമ്പതോളം വീടുകളാണ് ഇവിടെ തകര്‍ക്കപ്പെട്ടത്.