Connect with us

Articles

വിവാദങ്ങളുടെ മേല്‍പ്പാലങ്ങള്‍

Published

|

Last Updated

വികസന പദ്ധതികള്‍ കര്‍ണാടകയില്‍ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്്. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെല്ലാം വിവാദത്തിന്റെ തിരതള്ളലില്‍ പെട്ട് അകാല ചരമമടയുന്ന സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. പുതിയ അണക്കെട്ടുകളുടെ നിര്‍മാണവും മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ഏത് സമയവും തീ പിടിക്കുന്ന തടാകങ്ങള്‍ സംരക്ഷിക്കാന്‍ നടപ്പാക്കിയ കര്‍മപദ്ധതികളും എവിടെയും എത്തിയിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഉപേക്ഷിച്ച ബെംഗളൂരുവിലെ സ്റ്റീല്‍ മേല്‍പ്പാലം പദ്ധതി വീണ്ടും ആരംഭിക്കാനുള്ള തീരുമാനം പുതിയ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. പുനരാരംഭ നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരിക്കെ, ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കോപ്പൊരുക്കുകയാണ് പരിസ്ഥിതി സംഘടനകള്‍.

ചാലൂക്യ സര്‍ക്കിള്‍ മുതല്‍ ഹെബ്ബാള്‍ എസ്റ്റീം മാള്‍ വരെ 2,200 കോടി രൂപ ചെലവില്‍ സ്റ്റീല്‍ മേല്‍പ്പാലം നിര്‍മിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍, പദ്ധതിക്ക് സുതാര്യതയില്ലെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നും ആരോപിച്ച് വിവിധ പരിസ്ഥിതി സംഘടനകള്‍ ശക്തമായ സമര പരിപാടികളുമായി രംഗത്ത് വന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതാണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റീല്‍ മേല്‍പ്പാലം പദ്ധതി ഉപേക്ഷിക്കുന്നതായി അന്നത്തെ ബെംഗളൂരു വികസന മന്ത്രി കെ ജെ ജോര്‍ജാണ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് അന്നത്തെ സര്‍ക്കാറിന് നേരിടേണ്ടി വന്നത്. സത്യസന്ധത തെളിയിക്കുന്നതിനാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അന്ന് സര്‍ക്കാറിന്റെ വിശദീകരണം.

നിര്‍മാണ ചെലവും മരങ്ങള്‍ വെട്ടിമാറ്റേണ്ടി വരുന്നതും സ്റ്റീല്‍ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്ക് സംഭവക്കാനിടയുള്ള പ്രത്യാഘാതങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മേല്‍പ്പാലത്തെ ബെംഗളൂരു ജനത എതിര്‍ത്തത്. പാലം നിര്‍മാണത്തിന് 55,000 ടണ്‍ സ്റ്റീല്‍ വേണമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്. സ്റ്റീല്‍ മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു. ബസവേശ്വര സര്‍ക്കിള്‍ മുതല്‍ ഹെബ്ബാള്‍ വരെ 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്റ്റീല്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ ആദ്യം 1350 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, പിന്നീട് സ്റ്റീലിന്റെ വില 17 ശതമാനം കുറഞ്ഞിട്ടും നിര്‍മാണച്ചെലവ് 1800 കോടി രൂപ കണക്കാക്കിയാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതാകട്ടെ സംഘടനകളില്‍ ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. സ്റ്റീല്‍ മേല്‍പ്പാലം അധികകാലം നിലനില്‍ക്കുകയില്ലെന്നും മറ്റുമുള്ള വാദഗതികളും ഉയരുകയുണ്ടായി.
പദ്ധതിയുടെ വിവിധ വശങ്ങള്‍ പുനഃപരിശോധിച്ച് പരാതിക്കിട നല്‍കാത്ത വിധം പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും വലിയ പ്രതിഷേധ സമരങ്ങള്‍ സര്‍ക്കാറിന് അഭിമുഖീകരിക്കേണ്ടി വരും. ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയാണ് മേല്‍പ്പാലം പദ്ധതി വീണ്ടും ആരംഭിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. മേല്‍പ്പാലം പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സുതാര്യത ഉറപ്പ് വരുത്തുമെന്നും ജനങ്ങള്‍ക്ക് ഇവ പരിശോധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. കാരണം കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്റ്റീല്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനോട് ഭൂരിഭാഗവും എതിരാണ്. ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് പദ്ധതിയോട് യോജിക്കുന്നത്. പദ്ധതിക്ക് വേണ്ടി എണ്ണൂറോളം വന്‍മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നതാണ് ഈ എതിര്‍പ്പിനെല്ലാം അടിസ്ഥാനപരമായ ഹേതു. 812 മരങ്ങളാണ് മേല്‍പ്പാലം നിര്‍മാണത്തിന് മുറിച്ചുമാറ്റേണ്ടി വരിക.

പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുണ്ടാകാന്‍ കാരണം ഇതായിരുന്നു. മരങ്ങള്‍ക്ക് കോടാലി വെച്ചുള്ള ഏതൊരു വികസന പ്രവര്‍ത്തനത്തെയും നഗര ജനത അനുകൂലിക്കുകയില്ല. സ്വന്തം ജീവന് തുല്യം അവര്‍ മരങ്ങളെയും സ്‌നേഹിക്കുന്നുണ്ട്. ബെംഗളൂരു നഗരത്തെ ചൂടില്‍ നിന്ന് രക്ഷിച്ച് തണലേകുന്നതും ജലക്ഷാമം ഒരുപരിധി വരെ പരിഹരിക്കുന്നതുമെല്ലാം ഈ വൃക്ഷ സമ്പത്താണെന്ന് നഗരവാസികള്‍ ഏകസ്വരത്തില്‍ പറയുന്നു. മരങ്ങളെ ഇല്ലാതാക്കിക്കൊണ്ട് നടത്തുന്ന വികസന സംരംഭങ്ങളെ രാഷ്ട്രീയം നോക്കാതെ എതിര്‍ത്ത പാരമ്പര്യമാണ് ബെംഗളൂരു നഗര നിവാസികള്‍ക്കുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
പദ്ധതി അനാവശ്യമാണെന്നും പണം ദുര്‍വ്യയം ചെയ്യാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിയെ എതിര്‍ത്തവര്‍ ഉന്നയിച്ച മറ്റൊരു ആരോപണം. സ്റ്റീല്‍ മേല്‍പ്പാലം പെയിന്റിംഗിന് വേണ്ടി തന്നെ വലിയൊരു തുക കണ്ടെത്തേണ്ടിവരുമെന്ന വിമര്‍ശനവുമുയര്‍ന്നു. ബെംഗളൂരുവിന്റെ സൗന്ദര്യത്തിന് സ്റ്റീല്‍ മേല്‍പ്പാലം കോട്ടം വരുത്തുമെന്ന ആരോപണവുമുണ്ടായി. മേല്‍പ്പാലത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ടും രൂപകല്‍പ്പനയും ചെലവ് സംബന്ധിച്ച കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര വ്യക്തമാക്കിയിട്ടുള്ളത്. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ മുഴുവന്‍ സമയവും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതുമൂലം പലര്‍ക്കും യഥാ സമയം വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. മേല്‍പ്പാലം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ നഗരത്തില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം 22 മിനുട്ടായി ചുരുങ്ങുമെന്നും ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
പദ്ധതിയെ എതിര്‍ക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സ്റ്റീല്‍ മേല്‍പ്പാല നിര്‍മാണം. 2014 ഫെബ്രുവരി 14നാണ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റില്‍ സ്റ്റീല്‍ മേല്‍പ്പാലം പദ്ധതിയെപ്പറ്റി പരാമര്‍ശിച്ചത്. നവം. 20ന് സ്ഥലം ഏറ്റെടുക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. 2016 ജൂണ്‍ 28ന് സ്റ്റീല്‍ മേല്‍പ്പാലത്തിനായി ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ജനാഭിപ്രായം തേടി. സെപ്തംബര്‍ 20ന് സ്റ്റീല്‍ മേല്‍പ്പാലം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. എന്നാല്‍, ഒക്ടോബര്‍ 16ന് പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും സിറ്റിസണ്‍ ആക്ഷന്‍ ഫോറവും മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് പ്രതിഷേധത്തിന് തുടക്കം കുറിച്ചു. എങ്കിലും, പ്രതിഷേധം മറികടന്ന് പദ്ധതിക്ക് ബെംഗളൂരു വികസന അതോറിറ്റി അംഗീകാരം നല്‍കുകയുണ്ടായത്. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമായതോടെ മേല്‍പ്പാലം നിര്‍മാണം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ദേശീയഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. മേല്‍പ്പാലം നിര്‍മിക്കാന്‍ പരിസ്ഥിതി ആഘാത പഠന സമിതിയുടെ അനുവാദം ലഭിച്ചില്ലെന്ന കാരണത്താലാണ് നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞത്. നിര്‍മാണത്തിന് മുമ്പ് വിശദമായ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. മേല്‍പ്പാലത്തെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മയായ സിറ്റിസണ്‍ ആക്ഷന്‍ ഫോറം ഭാരവാഹികളാണ് ദേശീയഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തിയ ശേഷമാണ് ട്രൈബ്യൂണലിന് പരാതി നല്‍കിയത്.
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ബി ജെ പിയോടൊപ്പം ജനതാദള്‍ എസും സ്റ്റീല്‍മേല്‍പ്പാലത്തിനെതിരെയുള്ള സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ജനതാദള്‍ പദ്ധതിയെ അനുകൂലിക്കുകയാണ്. പദ്ധതി വീണ്ടും നടപ്പാക്കുമെന്നുള്ള ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയുടെ പ്രഖ്യാപനത്തോട് മറിച്ചൊന്നും പ്രതികരിക്കാന്‍ ഇതുവരെയും ജനതാദള്‍നേതൃത്വം തയ്യാറായിട്ടില്ല.

ഏത് പദ്ധതികള്‍ നടപ്പാക്കുമ്പോഴും സുതാര്യത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതോടൊപ്പം അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇതാണ്. ഇതിന് വിപരീതമായ സമീപനങ്ങള്‍ ഉണ്ടാകുമ്പോഴാണ് ജനങ്ങളില്‍ നിന്ന് വിയോജിപ്പിന്റെ സ്വരമുയരുന്നത്. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന കാലഹരണപ്പെട്ട രീതിയിലും മാറ്റം വരേണ്ടതുണ്ട്. തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കാന്‍ തയ്യാറാകണം. ക്രിയാത്മക വിമര്‍ശനങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. എന്നാല്‍, രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ഏതൊന്നിനെയും അടച്ചാക്ഷേപിക്കുന്നതും വിവാദത്തില്‍ തളച്ചിടുന്നതും ആശാസ്യകരമല്ല. മരങ്ങള്‍ മുറിച്ചുമാറ്റിക്കൊണ്ട് നടത്തുന്ന വികസന പദ്ധതികളോട് ജനങ്ങള്‍ ഒരിക്കലും യോജിക്കുകയില്ലെന്ന് വ്യക്തമായിരിക്കെ, നിര്‍ദിഷ്ട സ്റ്റീല്‍ മേല്‍പ്പാലം പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ നീക്കം സാമൂഹിക- രാഷ്ട്രീയ മണ്ഡലത്തില്‍ ഏത് രീതിയിലുള്ള പ്രതികരണം സൃഷ്ടിക്കുമെന്ന് കാത്തുനിന്ന് കാണേണ്ടിയിരിക്കുന്നു.

Latest